16 വർഷത്തിനിടെ ആദ്യം; ഐ.പി.എല്ലിൽ അപൂർവ ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ്

ഐ.പി.എൽ 2023 സീസണിലെ 46ാം മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അനായാസമാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് പഞ്ചാബ് എടുത്തത്. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യം കണ്ടു.

ആറു വിക്കറ്റിന്‍റെ ഗംഭീര ജയം. ഓപ്പണർ ഇഷാന്‍ കിഷന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈക്ക് മിന്നുന്നജയം നേടികൊടുത്തത്. കിഷൻ 41 പന്തിൽ 75 റൺസും സൂര്യകുമാർ 31 പന്തിൽ 66 റൺസും എടുത്തു. ജയത്തോടെ 16 വർഷത്തെ ഐ.പി.എൽ ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമയും സംഘവും. ഐ.പി.എൽ മത്സരത്തിൽ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ 200ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുന്ന ആദ്യ ടീം എന്ന റെക്കോഡ്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തിൽ മുംബൈ 200ന് മുകളില്‍ ചേസ് ചെയ്ത് ജയിച്ചിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം മുംബൈ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. അന്ന് ടിം ഡേവിഡിന്റെ വെടിക്കെട്ട് പ്രകടനമാണ് മുംബൈക്ക് തുണയായത്. ജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

നിലവില്‍ ഒമ്പത് മത്സരങ്ങളില്‍നിന്ന് അഞ്ച് ജയമടക്കം 10 പോയന്റാണ് ടീമിനുള്ളത്. ഐ.പി.എല്ലിൽ മൂന്നു തവണ മുംബൈ 200 റൺസ് ചേസ് ചെയ്ത് ജയം നേടിയിരുന്നു. ഇതിൽ രണ്ടും ഈ സീസണിലാണ്.

Tags:    
News Summary - Mumbai Indians Make IPL History With Sensational Win Over Punjab Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.