ഹാർദിക് പാണ്ഡ്യ
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ശക്തമായ ആരാധക പിന്തുണയുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. 2020ലാണ് അവസാന ഐ.പി.എൽ കിരീടം ചൂടിയതെങ്കിലും നാലു വര്‍ഷമായി നീളുന്ന കിരീടവരള്‍ച്ചക്ക് പരിഹാരം കാണാനാണ് ഇക്കുറി ‘ഇന്ത്യൻസ്’ കളത്തിലിറങ്ങുന്നത്. 2013ൽ ആദ്യ ചാമ്പ്യൻപട്ടം സ്വന്തം പേരിലാക്കിയ മുംബൈ പട 2020 വരെയുള്ള സീസണുകളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചുതവണ ചാമ്പ്യന്മാരാവുകയും അഞ്ചുതവണ പ്ലേ ഓഫിലെത്തുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ വെറും നാല് വിജയങ്ങൾ മാത്രം നേടി അവസാന സ്ഥാനത്തായിരുന്നു മുൻ ചാമ്പ്യന്മാരുടെ സ്ഥാനം. പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ തുടക്കം പാളിയെങ്കിലും ഇക്കുറി കിരീടത്തിൽ കുറഞ്ഞതൊന്നും അവർ സ്വപ്നം കാണുന്നില്ല.
2024 സീസൺ ഐ.പി.എല്ലിലെ ഏറ്റവും ചർച്ചയായ വിഷയമായിരുന്നു മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ നിയമിച്ചത്. അപ്രതീക്ഷിതമായ മുംബൈയുടെ നീക്കം ആരാധകരെയും ഞെട്ടിച്ചിരുന്നു. ക്യാപ്റ്റന്റെ മാറ്റം ടീമിന്റെ ഒത്തിണക്കത്തെയും ബാധിച്ചിരുന്നു. എന്നാൽ, ഇക്കുറി വിവാദങ്ങൾക്കൊന്നും സ്ഥാനം നൽകാതെ പുതിയൊരു പോരാട്ടത്തിനൊരുങ്ങുകയാണ് ‘ഇന്ത്യൻസ്’.
ഐ.പി.എൽ ടീമുകളിലെ ഏറ്റവും ശക്തമായ ബാറ്റിങ് നിരയാണ് മുംബൈ ടീമിനൊപ്പമുള്ളത്. ഹാർദിക് പാണ്ഡ്യയുടെ കീഴിൽ രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, വിൽ ജാക്സ് തുടങ്ങിയ വമ്പൻ ബാറ്റിങ് നിരയാണ് ടീമിന്റെ കരുത്ത്. മിച്ചൽ സാന്റ്നർ, വിൽ ജാക്സ്, നമൻ ധീർ എന്നീ മികച്ച ഓൾറൗണ്ടർമാരും ബാറ്റിങ്ങിൽ അപകടകാരികളാണ്. എന്നാൽ, ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ പരിക്ക് അവർക്ക് അപ്രതീക്ഷിത തിരിച്ചടിയായി. ട്രെന്റ് ബോൾട്ടിനും ദീപക് ചഹറിനുമായിരിക്കും സ്റ്റാർ പേസറെ അഭാവത്തിൽ മുബൈയുടെ ബൗളിങ് നിരയുടെ കടിഞ്ഞാൺ. രാജസ്ഥാന്റെ തുറുപ്പുശീട്ടായിരുന്ന ട്രെന്റ് ബോൾട്ട് തന്റെ പഴയ തട്ടകത്തിലേക്ക് വന്നെത്തിയത് മുംബൈക്ക് ഗുണം ചെയ്യും. ഇത്തവണ മലയാളി താരം വിഗ്നേഷ് പുത്തൂരും ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.