യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആവേശ് ഖാൻ
ജയ്പുർ: പതിനാലു വയസ്സിൽ ഐ.പി.എല്ലിൽ അരങ്ങേറി ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിയുടെ മനോഹര ഇന്നിങ്സിന് സാക്ഷ്യം വഹിച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് രണ്ട് റൺസിന്‍റെ അപ്രതീക്ഷിത തോൽവി. ലഖ്നോ സൂപ്പർ ജയന്‍റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍റെ ഇന്നിങ്സ് 178ൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാൾ (52 പന്തിൽ 74) റോയൽസിന്‍റെ ടോപ് സ്കോററായി. സീസണിൽ അഞ്ചാം ജയത്തോടെ ലഖ്നോ പോയിന്‍റ് പട്ടികയിൽ നാലാമതായി. സ്കോർ: ലഖ്നോ സൂപ്പർ ജയന്‍റ്സ് - 20 ഓവറിൽ അഞ്ചിന് 180, രാജസ്ഥാൻ റോയൽസ് 20 ഓവറിൽ അഞ്ചിന് 178.
ഐ.പി.എൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡോടെ കളത്തിലിറങ്ങിയ വൈഭവിനെ അവതരിപ്പിച്ചുകൊണ്ടാണ് രാജസ്ഥാൻ ചേസിങ് ആരംഭിച്ചത്. അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ സിക്സറടിച്ച് തുടങ്ങിയ വൈഭവ് സവായ് മാൻസിങ് സ്റ്റേഡിയത്തിലെ കാണികൾക്ക് ആവേശം പകർന്നു. വ്യക്തിഗത സ്കോർ 14ൽ നിൽക്കേ എൽ.എസ്.ജി ഫീൽഡർമാർ കൈവിട്ട വൈഭവ്, ഒന്നാം വിക്കറ്റിൽ ജയ്സ്വാളുമൊത്ത് 85 റൺസിന്‍റെ പാർട്നർഷിപ് ഒരുക്കിയാണ് പുറത്തായത്. 20 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം 34 റൺസടിച്ച കൗമാരക്കാരൻ വരാനിരിക്കുന്നത് തന്‍റെ ദിനങ്ങളാണെന്ന സൂചന നൽകിയാണ് മൈതാനം വിട്ടത്.
എൽ.എസ്.ജിക്കെതിരെ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്
ശ്രദ്ധയോടെ ഇന്നിങ്സ് പടുത്തുയർത്ത യശസ്വി ജയ്സ്വാൾ 18-ാം ഓവർ വരെ ക്രീസിൽ തുടർന്നു. ആവേശ് ഖാന്‍റെ പന്തിൽ താരം ക്ലീൻ ബൗൾഡാകുമ്പോഴും ജയം പിടിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജസ്ഥാൻ ക്യാമ്പും ആരാധകരും. അവസാന ഓവറിൽ കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി ഒമ്പത് റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടത്. ഹെറ്റ്മെയറുടെ (12) വിക്കറ്റ് വീണ ഓവറിൽ ആകെ പിറന്നത് ആറ് റൺസ്. ഹോം ഗ്രൗണ്ടിൽ രാജസ്ഥാന് രണ്ട് റൺസിന്‍റെ അപ്രതീക്ഷിത തോൽവി! നിതീഷ് റാണ (8), റിയാൻ പരാഗ് (39), ധ്രുവ് ജുറേൽ (6*), ശുഭം ദുബെ (3*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ.
ഓപണർ എയ്ഡൻ മാർക്രം (66), മധ്യനിരയിൽ ആയുഷ് ബദോനി (50) എന്നിവർ അർധ സെഞ്ച്വറികൾ നേടിയതോടെയാണ് ആദ്യം ബാറ്റുചെയ്ത ലഖ്നോ സൂപ്പർ ജയന്‍റ്സ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് എൽ.എസ്.ജി 180 റൺസ് നേടിയത്. രാജസ്ഥാനു വേണ്ടി വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റ് നേടി.
മത്സരത്തിൽ ടോസ് നേടിയ എൽ.എസ്.ജി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് റൺസ് നേടിയ മിച്ചൽ മാർഷിനെയാണ് സന്ദർശകർക്ക് ആദ്യം നഷ്ടമായത്. കഴിഞ്ഞ മത്സരങ്ങളിൽ വമ്പൻ സ്കോർ നേടിയ നിക്കോളസ് പുരാൻ 11 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്ത് പതിവു പോലെ മോശം ഫോമിൽ തുടർന്നു. ഒമ്പത് പന്തിൽ മൂന്ന് റൺസാണ് നായകന്‍റെ സംഭാവന. എട്ടാം ഓവറിൽ പന്ത് കൂടാരം കയറിതോടെ സ്കോർ മൂന്നിന് 54 എന്ന നിലയിലായി.
പിന്നീടൊന്നിച്ച മാർക്രം - ബദോനി സഖ്യം എൽ.ജി.യെ കരകയറ്റി. 76 റൺസ് പിറന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് മാർക്രമിനെ പരാഗിന്‍റെ കൈകളിലെത്തിച്ച ഹസരംഗയാണ് തകർത്തത്. 45 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 66 റൺസാണ് താരം നേടിയത്. അർധ ശതകം പൂർത്തിയാക്കിയതിനു പിന്നാലെ 18-ാം ഓവറിൽ ദുബെക്ക് ക്യാച്ച് നൽകി ബദോനിയും മടങ്ങി. അവസാന ഓവറിൽ സമദിന്‍റെ വെടിക്കെട്ടോടെയാണ് എൽ.എസ്.ജി ഇന്നിങ്സ് അവസാനിപ്പിച്ചത്. സമദ് 30ഉം ഡേവിഡ് മില്ലർ ഏഴും റൺസുമായി പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.