ഹർഭജൻ സിങ്, ഇർഫാൻ പത്താൻ, ശ്രീശാന്ത്
ദോഹ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രഗല്ഭ താരങ്ങളെ അണിനിരത്തുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്സിന് ദോഹ വേദിയൊരുക്കുന്നു. ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ (ക്യു.സി.എ) ആതിഥ്യം വഹിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയായി നഗരത്തിലെ ഏഷ്യ ടൗൺ ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ലോകത്തുടനീളമുള്ള പ്രശസ്ത മുൻ താരങ്ങളാണ് ലെജൻഡ്സ് ലീഗിൽ മാറ്റുരക്കുക. ഫിഫ ലോകകപ്പിന് അത്യുജ്ജ്വലമായി ആതിഥ്യം വഹിച്ചതിനു പിന്നാലെ ക്രിക്കറ്റിന്റെ വമ്പൻ പോരാട്ടങ്ങളിൽ ഒന്നിന് വേദിയൊരുക്കാൻ ഖത്തർ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് ക്യു.സി.എ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ് എന്നീ ടീമുകളാണ് എൽ.എൽ.സി മാസ്റ്റേഴ്സിൽ മാറ്റുരക്കുന്നത്. എട്ടു മത്സരങ്ങളായിരിക്കും ദോഹയിൽ നടക്കുക. ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, ഗൗതം ഗംഭീർ, ഇർഫാൻ പത്താൻ എന്നിവരും ശാഹിദ് അഫ്രീദി, ശുഐബ് അക്തർ, ലെൻഡൽ സിമ്മൺസ്, ബ്രെറ്റ് ലീ, ഷെയ്ൻ വാട്സൺ, ക്രിസ് ഗെയ്ൽ, ലെഡൽ സിമ്മൺസ് തുടങ്ങിയവരും ലീഗിൽ കളിക്കാനെത്തും. മലയാളി താരം എസ്. ശ്രീശാന്തും റോബിൻ ഉത്തപ്പയും മാസ്റ്റേഴ്സ് ലീഗിൽ കളിക്കാൻ ദോഹയിലെത്തുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ലീഗിന്റെ രണ്ടാം സീസൺ ഞങ്ങൾ ഏറെ ആസ്വദിച്ചാണ് കളിച്ചത്. പോരാട്ടവീര്യം പ്രതീക്ഷിച്ചതിനേക്കാൾ ഏറെ ഉയർന്നതായിരുന്നു. എല്ലാ കളിക്കാരും അവരുടെ മികച്ച ഫോം തന്നെ പുറത്തെടുത്തു. ഈ സീസൺ കുറേക്കൂടി ആവേശകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ, ഏഷ്യ, വേൾഡ് എന്നീ ടീമുകളിലായി പോരാട്ടം കനക്കുമ്പോൾ പ്രത്യേകിച്ചും. ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നത് എല്ലായ്പോഴും അഭിമാന നിമിഷമാണ്’- ശ്രീശാന്തിനെ ഉദ്ധരിച്ച് ഒരു വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന പതിപ്പ് 2022 ജനുവരിയിൽ മസ്കത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് നടന്നത്.
ഇന്ത്യ മഹാരാജാസ്, വേൾഡ് ജയന്റ്സ്, ഏഷ്യ ലയൺസ് എന്നിങ്ങനെ മൂന്നു ടീമുകൾ മാറ്റുരച്ച സീരീസായിരുന്നു അത്. രണ്ടാം സീസൺ 2022 സെപ്റ്റംബറിൽ ഇന്ത്യയിൽ നടന്നപ്പോൾ ആദ്യ സീസണിൽനിന്ന് വിഭിന്നമായി നാലു ഫ്രാഞ്ചൈസി ടീമുകളാണ് കളത്തിലിറങ്ങിയത്. ഗുജറാത്ത് ജയന്റ്സ്, ഇന്ത്യ കാപിറ്റൽസ്, ഭിൽവാര കിങ്സ്, മണിപ്പാൽ ടൈഗേഴ്സ് എന്നിവയാണ് അന്ന് കളിച്ചത്. നാലു ടീമുകളും ഇന്ത്യയിലെ വിവിധ വേദികളിലായി ഏറ്റുമുട്ടുകയായിരുന്നു. ടെലിവിഷൻ റേറ്റിങ്ങിലും ഏറെ മുകളിലാണ് ജൻഡ്സ് ലീഗ്. ഉദ്ഘാടന സീസൺ മത്സരങ്ങൾ 70 കോടിയിലേറെ പേരാണ് കണ്ടത്.
വരുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ കളിക്കാൻ ആവേശപൂർവം കാത്തിരിക്കുകയാണെന്ന് ഹർഭജൻ സിങ്ങും ഇർഫാൻ പത്താനും പ്രതികരിച്ചു.‘‘കഴിഞ്ഞ സീസണിൽ മണിപ്പാൽ ടൈഗേഴ്സിനൊപ്പം കളത്തിലിറങ്ങിയത് ഏറെ ആസ്വദിച്ചു. അടുത്ത സീസണിലെ ജൻഡ്സ് ലീഗ് മത്സരങ്ങൾക്കായി കാത്തിരിക്കുന്നു’’ -പ്രഥമ ലെജൻഡ്സ് ലീഗിൽ ഇന്ത്യ മഹാരാജാസിന്റെ ക്യാപ്റ്റനായിരുന്ന ഹർഭജൻ പറഞ്ഞു. ‘‘ഫെബ്രുവരിയിൽ ലെജൻഡ്സ് ലീഗിൽ കളിക്കാൻ ആവേശപൂർവം കാത്തിരിക്കുകയാണ്. ഇക്കുറി ഇന്ത്യൻ ടീമിനുവേണ്ടി കളിക്കാമെന്നതിനാൽ അതിലേക്ക് ഉറ്റുനോക്കുകയാണ്’’ -ഇർഫാൻ പത്താൻ പ്രതികരിച്ചു.
കഴിഞ്ഞ തവണ ഭിൽവാര കിങ്സിനായുള്ള മത്സരങ്ങൾ ഏറെ രസകരമായിരുന്നുവെന്നും ഇക്കുറി ദോഹയിൽ വേൾഡ് ടീമിനുവേണ്ടി കളത്തിലിറങ്ങുന്നത് കാത്തിരിക്കുകയാണെന്നും മുൻ ആസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ പറഞ്ഞു. രണ്ടാം സീസണിൽ പാകിസ്താൻ താരങ്ങൾ കളത്തിലിറങ്ങിയിരുന്നില്ല. ഖത്തറിലെ മൂന്നാം പതിപ്പിൽ അഫ്രീദിയും അക്തറും അടക്കമുള്ള പാക് താരങ്ങൾ ഏഷ്യൻ ടീമിനെ പ്രതിനിധാനം ചെയ്ത് മൈതാനത്തെത്തും.
‘‘ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിന് വേദിയൊരുക്കാൻ അവസരം ലഭിച്ചതിൽ ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ ആവേശഭരിതരാണ്. കായിക മേഖലയിൽ മികവു കാട്ടാൻ പ്രയത്നിക്കുന്നതിനൊപ്പം, ഖത്തർ ഒരു കായിക സൗഹൃദ വേദിയായി അടയാളപ്പെടുത്താനുള്ള ശ്രമങ്ങളിലുമാണ് ഞങ്ങൾ.
ഫിഫ ലോകകപ്പിനു പിന്നാലെ ക്രിക്കറ്റിൽ ലെജൻഡ്സ് ലീഗ് എന്നത് സ്വാഭാവികമായ തിരഞ്ഞെടുപ്പാണ്. ലോക ക്രിക്കറ്റിലെ വിഖ്യാത താരങ്ങൾ മാറ്റുരക്കുന്ന അതിശയകരമായ ടൂർണമെന്റിന് വേദിയൊരുക്കുന്നതോടെ ക്രിക്കറ്റിന് അനുകൂലമായ ഇടമായി ഖത്തറിനെ മാറ്റിയെടുക്കുന്നതാണ് ഞങ്ങൾ ഉറ്റുനോക്കുന്നത്’’ -ക്യു.സി.എ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ സഊദ് ആൽഥാനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.