ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ലീഡിനായി പൊരുതുന്നു. നിലവിൽ സന്ദർശകർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തിട്ടുണ്ട്. 133 റൺസ് പുറകിലാണ് ഇന്ത്യ. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 387 റൺസിന് പുറത്തായിരുന്നു.
സെഞ്ച്വറി നേടിയ കെ.എൽ. രാഹുലിന്‍റെയും അർധ സെഞ്ച്വറി നേടിയ ഋഷഭ് പന്തിന്‍റെയും വിക്കറ്റുകളാണ് മൂന്നാംദിനം ഇന്ത്യക്ക് നഷ്ടമായത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 141 റൺസാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. 177 പന്തിൽ 13 ഫോറടക്കം 100 റൺസെടുത്താണ് രാഹുൽ പുറത്തായത്. പരമ്പരയിൽ താരത്തിന്‍റെ രണ്ടാം സെഞ്ച്വറിയാണ്. 112 പന്തിൽ രണ്ടു സിക്സും എട്ടു ഫോറുമടക്കം 74 റൺസെടുത്താണ് പന്ത് മടങ്ങിയത്.
മൂന്നിന് 145 റൺസെന്ന നിലയിലാണ് മൂന്നാംദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന പന്തിനെ ഇംഗ്ലീഷ് നായകൻ ബെന്‍ സ്റ്റോക്സ് റണ്ണൗട്ടാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. സ്കോർ ബോർഡിൽ 103 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അനാവശ്യ റണ്ണിന് ശ്രമിച്ചാണ് പന്ത് പുറത്തായത്. തൊട്ടുപിന്നാലെ രാഹുലും പുറത്ത്. ശുഐബ് ബഷീറിന്‍റെ പന്തിൽ ഹാരി ബ്രൂക്കിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. എട്ടു റൺസുമായി രവീന്ദ്ര ജദേജയും റണ്ണൊന്നും എടുക്കാതെ നിതീഷ് റെഡ്ഡിയുമാണ് ക്രീസിലുള്ളത്.
രണ്ടാംദിനം ഇന്ത്യക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാൾ എട്ട് പന്തിൽ 13 റൺസെടുത്ത് ആർച്ചറുടെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ കരുൺ നായർ പക്ഷേ, രാഹുലിനൊപ്പം ചേർന്ന് പോരാട്ടത്തിന് കരുത്തുപകർന്നു. രാഹുൽ അർധശതകം നേടി നങ്കൂരമുറപ്പിച്ചപ്പോൾ മലയാളി താരം 62 പന്തിൽ 40 റൺസ് നേടി പുറത്തായി. 44 പന്തിൽ 16 റൺസ് നേടിയ നായകൻ ശുഭ്മാൻ ഗില്ലിന്റെ മടക്കം ഇന്ത്യയെ ഞെട്ടിച്ചു.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ വിശ്രമം കഴിഞ്ഞ് വീണ്ടും പന്തെടുത്ത ബുംറയുടെ മാരക സ്പെല്ലാണ് വെള്ളിയാഴ്ച രാവിലെ കളിയുടെ ഗതി നിയന്ത്രിച്ചത്. നാലു വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലീഷ് നിരയിൽ ജോ റൂട്ട് സെഞ്ച്വറി തികച്ചതായിരുന്നു ആദ്യ ഹൈലൈറ്റ്. നേരിട്ട ആദ്യ പന്ത് അതിർത്തി കടത്തിയ താരം ലോർഡ്സിൽ തന്റെ എട്ടാം ശതകമാണ് പിന്നിട്ടത്. എന്നാൽ, ബുംറ കളിയേറ്റെടുത്തതോടെ റൂട്ടിന് പിടിച്ചുനിൽക്കാനായില്ല. 199 പന്ത് നേരിട്ട് 104 റൺസ് അടിച്ചെടുത്ത് താരം മടങ്ങി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (44) സംപൂജ്യനായി ക്രിസ് വോക്സും കൂടാരം കയറിയതോടെ ഇംഗ്ലീഷ് സ്കോർ ഏഴു വിക്കറ്റിൽ 271 എന്ന നിലയിൽ പതറി.
എന്നാൽ, കഴിഞ്ഞ ഇന്നിങ്സുകളിൽ ഉജ്വല ഫോമുമായി ഇന്ത്യൻ ബൗളിങ്ങിനെ നേരിട്ട ജാമി സ്മിത്തും കാഴ്സും ചേർന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പിടിച്ചുനിന്നതോടെ ഇംഗ്ലീഷ് സ്കോർ പതിയെ നീങ്ങി. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത് 84 റൺസ്. സ്മിത്ത് 56 പന്തിൽ 51 റൺസ് അടിച്ചപ്പോൾ കാഴ്സ് 56ഉം സ്വന്തമാക്കി. മുഹമ്മദ് സിറാജിന്റെ പന്തിൽ രാഹുൽ കൈവിട്ടത് അവസരമാക്കിയാണ് സ്മിത്ത് കുതിച്ചത്. ഇരുവരും പിരിഞ്ഞതോടെ ഇന്ത്യ വീണ്ടും കളിയേറ്റെടുത്തു.
ബുംറ 74 റൺ വഴങ്ങി അഞ്ചു പേരെ മടക്കിയ കളിയിൽ സിറാജും നിതീഷ് കുമാർ റെഡ്ഡിയും രണ്ടുവീതം വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജക്കായിരുന്നു ശേഷിച്ച വിക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.