ചരിത്രത്തിലേക്ക് 45 റൺസ് ദൂരം! രാഹുലിനെ കാത്തിരിക്കുന്നു ഇംഗ്ലീഷ് മണ്ണിലെ അപൂർവ റെക്കോഡ്, മറികടക്കുക ഗവാസ്കറിനെ

ഓവൽ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ ഫോമിലാണ് ഇന്ത്യയുടെ ഓപ്പണർ കെ.എൽ. രാഹുൽ. ക്രൈസിസ് മാനേജറുടെ റോളാണ് ഇന്ത്യൻ ടീമിൽ രാഹുലിനിപ്പോൾ.

ബാറ്റിങ്ങിൽ ഏതു നമ്പറിലും പരീക്ഷിക്കാവുന്ന താരം. മധ്യനിരയിലോ, ഓപ്പണിങ്ങിലോ എവിടെ കളിപ്പിച്ചാലും നിർണായക സമയങ്ങളിൽ താരത്തിന്‍റെ ബാറ്റ് ടീമിന്‍റെ രക്ഷക്കെത്തും. തന്‍റെ ഫോമിൽ സംശയം പ്രകടിപ്പിച്ചവർക്ക് ഇംഗ്ലീഷ് മണ്ണിൽ ബാറ്റു കൊണ്ടാണ് താരം മറുപടി നൽകിയത്. നാലു ടെസ്റ്റുകളിൽ 511 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പരമ്പരയിലെ റൺ വേട്ടക്കാരിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനു പിന്നിൽ രണ്ടാമതാണ് രാഹുലുള്ളത്.

ഓവലിലെ അഞ്ചാം ടെസ്റ്റിൽ രാഹുലിനെ കാത്തിരിക്കുന്നത് ചരിത്ര റെക്കോഡാണ്. 45 റൺസ് കൂടി നേടിയാൽ ഇംഗ്ലണ്ടിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ഓപ്പണറെന്ന റെക്കോഡ് ഇനി രാഹുലിന്‍റെ പേരിലാകും. മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറിനെയാണ് ഈ കർണാടകക്കാരൻ മറികടക്കുക. ഇംഗ്ലണ്ടിൽ ഗവാസ്കർ 15 ടെസ്റ്റുകളിൽനിന്നായി 1152 റൺസാണ് നേടിയത്. രാഹുൽ ഇതുവരെ നേടിയത് 1108 റൺസും.

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ നടന്ന നാലാം ടെസ്റ്റിൽ തോൽവി തുറിച്ചു നോക്കിയ ഇന്ത്യക്ക് ജയത്തോളം പോന്ന സമനില സമ്മാനിക്കുന്നതിൽ രാഹുലിന്‍റെയും ഗില്ലിന്‍റെയും കൂട്ടുകെട്ടാണ് നിർണായക പങ്കുവഹിച്ചത്. ഒന്നാം ഇന്നിങ്സിൽ 311 റൺസിന്‍റെ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യക്ക്, രണ്ടാം ഇന്നിങ്സിൽ സ്കോർ ബോർഡ് തുറക്കുംമുമ്പേ രണ്ടു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണറായ യശ്വസി ജയ്സ്വാളും സായി സുദർശനുമാണ് പൂജ്യത്തിന് പുറത്തായത്. മൂന്നാം വിക്കറ്റിൽ രാഹുലും ഗില്ലും ചേർന്ന് നേടിയ 188 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. 230 പന്തിൽ രാഹുൽ നേടിയ 90 റൺസാണ് ടീമിന് അടിത്തറയിട്ടത്.

പിന്നാലെ ഗില്ലും രവീന്ദ്ര ജദേജയും വാഷിങ്ടൺ സുന്ദറും സെഞ്ച്വറി നേടി. നിലവിൽ പരമ്പരയിൽ 2-1ന് പിന്നിലാണ് ഇന്ത്യ. വ്യാഴാഴ്ച ഓവലിലാണ് പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും ടെസ്റ്റ്. ജയിച്ച് പരമ്പരയിൽ സമനില പിടിക്കുകയാണ് ഗില്ലിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.

Tags:    
News Summary - KL Rahul 45 runs away from massive Sunil Gavaskar record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.