ഒഡിഷയെ എറിഞ്ഞിട്ട് ജലജ് സക്സേന; രഞ്ജി ട്രോഫിയിൽ കേരളത്തിൽ ഇന്നിങ്സ് ജയം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡിഷക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ ഇന്നിങ്സിനും 36 റൺസിനുമാണ് കേരളത്തിന്റെ വിജയം. 179 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ഒഡിഷ നാലാം ദിനം രണ്ടാം ഇന്നിങ്സിൽ 143 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ കരുത്തിലാണ് ടീമിന്റെ വിജയം. സ്കോര്‍: കേരളം 404, ഒഡിഷ 225 & 143.
ഈ സീസണിലെ കേരളത്തിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ ജാര്‍ഖണ്ഡിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കേരളം സമനില സ്വന്തമാക്കിയിരുന്നു.
നാല് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ് അവസാന ദിനം ഒഡിഷ കളത്തിലിറങ്ങിയത്. അവസാന ദിവസം കളി തുടങ്ങിയ കേരളം ഉടനെ തന്നെ ആധിപത്യം സ്ഥാപിച്ചു. ഒഡിഷക്ക് 10 റണ്‍സെടുത്ത നിനാന്ദ് അശ്വിനികുമാര്‍ റാഥ്വയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജലജ് സക്സേനക്കായിരുന്നു വിക്കറ്റ്.
പിന്നാലെ രാജേഷ് ധൂപറിനെയും(രണ്ട്) സൗമ്യ രഞ്ജൻ ലെങ്കയെയും (അഞ്ച്) പുറത്താക്കി ജലജ് സകസ്നേ ഒഡിഷയ്ക്ക് അടുത്ത പ്രഹരമേല്പിച്ചു. ആദ്യ ഇന്നിങ്സിൽ 37 റണ്‍സുമായി പൊരുതിയ ലളിത് യാദവ് 11 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന രണ്ട് ബാറ്റര്‍മാരായ രാജേഷ് മൊഹന്തിയും ബാദല്‍ ബിസ്വാളും റണ്ണൗട്ടായി. 53 റണ്‍സടിച്ച ഓപ്പണര്‍ ഗൗരവ് ചൗധരിയാണ് രണ്ടാം ഇന്നിങ്സിൽ ഒഡിഷയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സുബ്രാന്‍ഷു സേനാപതി 30 റണ്‍സും സ്കോർ ചെയ്തു. മറ്റാര്‍ക്കും ഒഡിഷ നിരയില്‍ തിളങ്ങാനായില്ല. കേരളത്തിനായി ആദിത്യ സര്‍വാതെ രണ്ടും വൈശാഖ് ചന്ദ്രൻ ഒരു വിക്കറ്റുമെടുത്തു.
നേരത്തേ ആദ്യ ഇന്നിങ്സിൽ കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിൻ ബേബിയും സെഞ്ച്വറി നേടിയിരുന്നു. 263 പന്തിൽ 11 ഫോറിന്റെ സഹായത്തോടെ 139 റൺസെടുത്ത് അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നപ്പോൾ 235 പന്തിൽ 11 ഫോറും ഒരു സിക്സും ഉൾപ്പെടെ സച്ചിൻ 112 റൺസ് എടുത്തു. ആദിത്യ സര്‍വാതെ 77 പന്തിൽ 53 റൺസുമെടുത്തു.
ഈ വിജയത്തോടെ കേരളം ആറ് പോയിന്റ് സ്വന്തമാക്കി. നിലവിൽ രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റുമായി കേരളം എലൈറ്റ് ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളും ജയിച്ച് 12 പോയിന്റുമായി ബംഗാള്‍ ഒന്നാമതും കേരളത്തിന്റേത് പോലെ ഏഴ് പോയിന്റുള്ള ഗുജറാത്ത് നെറ്റ് റണ്‍റേറ്റിന്റെ ബലത്തിൽ രണ്ടാമതുമുണ്ട്. 26ന് ബംഗാളിനെതിരെ തിരുവനന്തപുരത്താണ് കേരളത്തിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.