തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ആഗസ്റ്റ് 22ന് തുടക്കമാകും. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഫ്രാഞ്ചൈസി മീറ്റ് നടക്കും. ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിൾസ് എന്നീ ടീമുകള്‍ മീറ്റിങ്ങില്‍ പങ്കെടുക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ട്വന്റി-ട്വന്റി മാതൃകയിൽ സെപ്റ്റംബർ ഏഴുവരെ നടക്കുന്ന ടൂർണമെന്റിൽ ഇത്തവണ ഇന്ത്യൻ താരം സഞ്ജു സാംസൺ കളിക്കുമെന്നതാണ് മുഖ്യ ആകർഷണം. കഴിഞ്ഞ തവണ ആലപ്പി റിപ്പിൾസിനായി ഇറങ്ങിയ മുംബൈ ഇന്ത്യൻസ് താരം വിഘ്നേഷ് പുത്തൂരും ഇത്തവണ പരിക്ക് മാറി കളത്തിലുണ്ടാകുമെന്നാണ് വിവരം. ആദ്യ സീസണിലേത് പോലെ രണ്ടാം സീസണിലും നടൻ മോഹന്‍ലാലാണ് ലീഗിന്റെ ബ്രാന്റ് അംബാസഡര്‍. താരലേലം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ജൂലൈ അഞ്ചിന് രാവിലെ ആരംഭിക്കും.
ഒന്നാം സീസണില്‍ ആറ് ടീമുകളിലായി 114 താരങ്ങളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ശരാശരി 35 ലക്ഷം രൂപയാണ് ഓരോ ടീമും താരലേലത്തിനായി മുടക്കിയത്. ഇതിനോടൊപ്പം തന്നെ ഐക്കൺ താരങ്ങളായി ഓരോ കളിക്കാരെ ടീമുകൾ ആദ്യമേ തന്നെ സ്വന്തമാക്കിയിരുന്നു. സച്ചിന് ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്ലേഴ്സ് (ഏരീസ് ഗ്രൂപ്) ആണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ ചാമ്പ്യന്മാര്.
രണ്ടാം സീസൺ സ്റ്റാർ സ്പോർട്സ് കൂടാതെ ഏഷ്യാനെറ്റ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ, ഒ.ടി.ടി പ്ലാറ്റ്ഫോമായ ഫാൻകോഡിലും കളി തല്‍സമയം സംപ്രേക്ഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.