ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കെ.സി.എ; സഞ്ജു സാംസണിന്റെ പിതാവിനെതിരെ മാനനഷ്ടത്തിന് കേസ് നൽകും

തിരുവനന്തപുരം: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക്  വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ.  സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ ഇടപ്പെട്ടതാണ് കെ.സി.എയുടെ നടപടിക്ക് കാരണം. 

അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവന നടത്തിയെന്നാണ് കെ.സി.എയുടെ വിലയിരുത്തൽ. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡിയിലാണ് മുൻ അന്താരാഷ്ട്ര താരത്തെ വിലക്കാൻ തീരുമാനിച്ചതെന്ന് കെ.സി.എ വാർത്ത കുറിപ്പിൽ അറിയിച്ചു.  നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.

വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍ , ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് അവര്‍ക്കെതിരെ നടപടികള്‍ തുടരേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.

കൂടാതെ സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ്, 24ന്യൂസ് ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും തീരുമാനിച്ചതായി കെ.സി.എ വാർത്ത കുറിപ്പിൽ പറഞ്ഞു. 

Tags:    
News Summary - Kerala Cricket Association bans S. Sreesanth for three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.