സചിൻ, റിച്ചാർഡ്സ്, കോഹ്‌ലി ഇതിഹാസങ്ങളെ കണ്ടിട്ടുണ്ട്, എന്നാൽ അവനെ പോലൊരു ബാറ്റർ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമെന്നും കപിൽ ദേവ്

ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്‍റി20യിൽ സെഞ്ച്വറി പ്രകടനവുമായി കളംനിറഞ്ഞ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. 51 പന്തിൽ 112 റൺസെടുത്ത താരത്തിന്‍റെ അപരാജിത ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച വിജയവും പരമ്പരയും നേടികൊടുത്തത്.

1983ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ നായകനായിരുന്ന കപിൽ ദേവിന് സൂര്യകുമാറിനെ പ്രശംസിക്കാൻ വാക്കുകളില്ലായിരുന്നു. ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിൻ തെണ്ടുൽക്കർ, വിവിയൻ റിച്ചാർഡ്സ്, വീരാട് കോഹ്‌ലി, റിക്കി പോണ്ടിങ് തുടങ്ങിയവരുമായാണ് സൂര്യകുമാറിന്‍റെ ബാറ്റിങ് മികവിനെ അദ്ദേഹം താരതമ്യം ചെയ്തത്.

‘ചിലപ്പോഴൊക്കെ അവന്റെ ബാറ്റിങ് മികവിനെ വിവരിക്കാൻ എന്‍റെ കൈയിൽ വാക്കുകളില്ലായിരുന്നു. സചിൻ, രോഹിത് ശർമ, കോഹ്‌ലി എന്നിവരെ കാണുമ്പോൾ, ആ ലിസ്റ്റിന്റെ ഭാഗമാണെന്ന് കരുതാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു കളിക്കാരൻ എന്നെങ്കിലും ഉണ്ടാകുമെന്ന് നമുക്ക് തോന്നും. ഇന്ത്യയിൽ ധാരാളം പ്രതിഭകളുണ്ട്. എന്നാൽ, അവൻ കളിക്കുന്ന തരത്തിലുള്ള ക്രിക്കറ്റ്, ഫൈൻ ലെഗിനു മുകളിലൂടെയുള്ള അവന്‍റെ ഷോട്ട്, മിഡ്-ഓണിനും മിഡ്-വിക്കറ്റിനും മുകളിലൂടെ അനായാസം സിക്‌സ് പറത്താനുള്ള കഴിവ്, അത് ബൗളറെ ഭയപ്പെടുത്തുന്നു. ഡിവില്ലിയേഴ്‌സ്, റിച്ചാർഡ്‌സ്, സച്ചിൻ, വിരാട്, റിക്കി പോണ്ടിങ് തുടങ്ങിയ മികച്ച ബാറ്റർമാരെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ വളരെ കുറച്ച് പേർക്കു മാത്രമേ അദ്ദേഹത്തെ പോലെ ബാറ്റ് ചെയ്യാനാകു. സൂര്യകുമാർ യാദവിന് ഹാറ്റ്സ് ഓഫ്. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമാണ് ഇത്തരം കളിക്കാർ വരുന്നത്’ -കപിൽ ദേവ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, ക്രിക്കറ്റിലെ പുതിയ യൂനിവേഴ്സ് ബോസ് സൂര്യകുമാർ യാദവാണെന്നും എബി ഡിവില്ലിയേഴ്സും ക്രിസ് ഗെയ്‍ലും അദ്ദേഹത്തിന്‍റെ നിഴൽ മാത്രമാണെന്നും പാക് സ്പിന്നർ ഡാനിഷ് കനേരിയ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Kapil Dev on India star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.