കരീബിയൻ പ്രീമിയർ ലീഗിലെ ഒരു റണ്ണൗട്ടാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിലെ ചർച്ചാ വിഷയം. പ്രഫഷനൽ ക്രിക്കറ്റിലെ ‘ഭാരം കൂടിയ താരം’ എന്ന വിശേഷണമുള്ള റഹ്കീം കോൺവാൾ ആണ് നേരിട്ട ആദ്യ പന്തിൽ നിർഭാഗ്യകരമായി പുറത്തായത്. സെന്റ് ലൂസിയ കിങ്സിനെതിരെ 120 പന്തിൽ 201 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാർബഡോസ് റോയൽസിന് വേണ്ടി ഓപൺ ചെയ്യാനിറങ്ങിയ ആൾറൗണ്ടർ റഹ്കീം ആദ്യ പന്ത് ലെഗ്സൈഡിലേക്ക് ആഞ്ഞടിച്ചെങ്കിലും ഫീൽഡറുടെ കൈയിൽ തട്ടി തെറിച്ചു. ഇതോടെ നോൺ സ്ട്രൈക്കർ എൻഡിലുള്ള കെയ്ൽ മയേഴ്സ് ഓടി ക്രീസിലെത്തി. എന്നാൽ, തന്റെ ‘വലിയ’ ശരീരം വെച്ച് ഓടിയ റഹ്കീം പകുതി ദൂരം മാത്രമേ പിന്നിട്ടിരുന്നുള്ളൂ. ഫീൽഡറുടെ നേരിട്ടുള്ള ഏറിൽ സ്റ്റമ്പ് തെറിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മത്സരത്തിൽ റഹ്കീമിന്റെ ടീം 147 റൺസിന് പുറത്തായിരുന്നു.
30കാരനായ റഹ്കീം കോൺവാളിന്റെ ഭാരമേറിയ ശരീരമാണ് ഏവരുടെയും ചർച്ചാ വിഷയം. ഇത് വല്ലാത്തൊരു റണ്ണൗട്ടായെന്നും ക്രിക്കറ്റ് ചരിത്രത്തിൽ ഇങ്ങനെയൊന്നില്ലെന്നും ആരാധകർ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചു. 140 കിലോയിലധികം ഭാരവും ആറടി എട്ടിഞ്ച് ഉയരവുമുള്ള റഹ്കീം വെസ്റ്റിൻഡീസിനായി 10 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 257 റൺസും 34 വിക്കറ്റുമാണ് സമ്പാദ്യം. നേരത്തെ തന്നെ പല മുൻ താരങ്ങളും ശരീരഭാരം നിയന്ത്രിക്കാൻ റഹ്കീമിനെ ഉപദേശിച്ചിരുന്നു.
‘എനിക്ക് എന്റെ ശരീരഘടന മാറ്റാൻ കഴിയില്ല. ഞാൻ വളരെ ഉയരമുള്ളവനാണെന്നോ വളരെ വലിയനാണെന്നോ പറയാൻ കഴിയില്ല. എല്ലാവരും ഉയരം കുറഞ്ഞവരാകില്ല, എല്ലാവരും മെലിഞ്ഞവരുമാകില്ല. എനിക്ക് ചെയ്യാൻ കഴിയുന്നത് ഗ്രൗണ്ടിൽ പോയി കഴിവ് തെളിയിക്കുക എന്നതാണ്. ഞാൻ ‘വലിയ’ ആളാണ് എന്നതിൽ സംശയമില്ല, പക്ഷെ എനിക്കെന്റെ ജോലി ചെയ്യണം. അതിൽ ഞാൻ തളരാറില്ല. എന്റെ ഫിറ്റ്നസിനായി ഞാൻ ധാരാളം സമയം ചെലവഴിക്കുന്നു. ശരിയായി ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നുണ്ട്’, എന്നിങ്ങനെയായിരുന്നു തന്റെ ശരീരത്തെ കുറിച്ചുള്ള ചോദ്യത്തിന് താരം നേരത്തെ നൽകിയ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.