ആർ.സി.ബി ഓപണർമാരായ വിരാട് കോഹ്‌ലിയും ഫിൽ സാൾട്ടും ബാറ്റിങ്ങിനിടെ

ഐ.പി.എൽ: മുംബൈക്കെതിരെ ആർ.സി.ബി 240

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ ബാറ്റിങ് വിരുന്ന്. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആർ.സി.ബി 20 ഓവറിൽ നാല് വിക്കറ്റിന് 240 റൺസ് അടിച്ചുകൂട്ടി. ഓപണർമാരായ ഫിൽ സാൾട്ടിന്റെയും (36 പന്തിൽ 78), വിരാട് കോഹ്‌ലിയുടെയും (38 പന്തിൽ 50) മൂന്നാമനായെത്തിയ നായകൻ രജത് പാട്ടിദാറുടെയും (20 പന്തിൽ 53) വെടിക്കെട്ട് അർധ ശതകങ്ങളാണ് ബംഗളൂരുവിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

തുടക്കം മുതൽ കത്തിക്കയറിയ കോഹ്‌ലി-സാൾട്ട് ജോടി 52 പന്തിൽ സ്കോർ മൂന്നക്കത്തിലെത്തിച്ചു. 25ാം പന്തിലാണ് സാൾട്ടിന്റെ അർധ ശതകം പിറന്നത്. ഒന്നാം വിക്കറ്റിൽ 120 റൺസ് ചേർത്ത സഖ്യം 11ാം ഓവറിൽ വഴി പിരിഞ്ഞു. ആറ് വീതം ഫോറും സിക്സും പറത്തിയ സാൾട്ടിനെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു ഷാർദുൽ താക്കൂർ. സാൾട്ട് നിർത്തിയിടത്തുനിന്ന് പാട്ടിദാർ തുടങ്ങി. 15ാം ഓവറിൽ കോഹ്‌ലി വീണു. ഹാർദിക്കിന്റെ പന്തിൽ സൂര്യകുമാർ യാദവിന് ക്യച്ച്. സ്കോർ രണ്ടിന് 185.

വെറും 17 പന്തിൽ ഫിഫ്റ്റിയടിച്ച പാട്ടദാറുടെ മിന്നലാട്ടവും പിന്നാലെ അവസാനിച്ചു. നാല് ഫോറും അഞ്ച് സിക്സുമടങ്ങിയ ഇന്നിങ്സിന് മിച്ചൽ സാന്റ്നർ വിരാമമിട്ടു. തിലക് വർമയാണ് ക്യാച്ചെടുത്തത്. പാട്ടിദാറുടെ വീഴ്ചയോടെ 16 ഓവർ പൂർത്തിയാവുമ്പോൾ സ്കോർ മൂന്നിന് 194. ഡെത്ത് ഓവറുകൾ ടിം ഡേവിഡ് റൺസ് വാരി. അവസാന ഓവറിൽ ജിതേഷ് ശർമ (10) ട്രെന്റ് ബോൾട്ടിന് വിക്കറ്റ് നൽകി. 16 പന്തിൽ 34 റൺസുമായി ഡേവിഡ് പുറത്താവാതെ നിന്നു.

Tags:    
News Summary - IPL: RCB 240 against Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.