ലഖ്നോ സൂപ്പർ ജയന്റ്സ് ബാറ്റർ നിക്കോളാസ് പുരാന്റെ വിക്കറ്റ് വീഴ്ത്തിയ ഡൽഹി കാപിറ്റൽസ് ബൗളർ ലുൻഗി എൻഗിഡിയെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു

ഐ.പി.എൽ: ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ കാപിറ്റൽസ് ലക്ഷ്യം 142

ലഖ്നോ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ആദ്യ മത്സരത്തിനിറങ്ങിയ ലഖ്നോ സൂപ്പർ ജയന്റ്സിന് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആതിഥേയർ 18.4 ഓവറിൽ 141 റൺസിന് എല്ലാവരും പുറത്തായി. ഓപണർ മിച്ചൽ മാർഷും (28 പന്തിൽ 35) മധ്യനിരക്കാരൻ അബ്ദുൽ സമദും (25 പന്തിൽ 36) ഒഴികെ ആർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല. കാപിറ്റൽസ് ബൗളർമാരിൽ ലുൻഗി എൻഗിഡിയും ടി. നടരാജനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ഒമ്പത് പന്തിൽ ഏഴ് റൺസെടുത്ത് നാ‍യകനും ഓപണറുമായ ഋഷഭ് പന്ത് പുറത്തായതു മുതൽ തുടങ്ങി ലഖ്നോയുടെ തകർച്ച. പകരമെത്തിയ എയ്ഡൻ മാർകറത്തെ (എട്ട് പന്തിൽ 11) ആറാം ഓവറിൽ ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ ക്ലീൻ ബൗൾഡാക്കുമ്പോൾ സ്കോർ ബോർഡിൽ 48. തൊട്ടുപിന്നാലെ ആയുഷ് ബദോനിയെ (0) വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിനെ ഏൽപിച്ചു ടി. നടരാജൻ. പ്രതീക്ഷയോടെയെത്തിയ വെടിക്കെട്ടുകാരൻ നിക്കോളാസ് പുരാൻ (എട്ട് പന്തിൽ എട്ട്) എൻഗിഡി എറിഞ്ഞ ഒമ്പതാം ഓവറിൽ കുറ്റിതെറിച്ച് മടങ്ങിയതോടെ നാലിന് 65. മറുതലക്കൽ പൊരുതിയ ഓപണർ മാർഷ് പത്താം ഓവറിൽ വീണു. കുൽദീപ് യാദവിന്റെ സ്പിന്നിൽ ട്രിസ്റ്റൻ സ്റ്റബ്സിന് ക്യാച്ച്.

11 പന്തിൽ 14 റൺസ് നേടിയ മുകുൾ ചൗധരിയെ കുൽദീപ് സ്വന്തം പന്തിൽ പിടികൂടി. സ്കോറുയർത്താൻ ശ്രമിക്കവെ സമദ് 18ാം ഓവറിൽ നടരാജന് രണ്ടാം വിക്കറ്റും ഡേവിഡ് മില്ലർക്ക് ക്യാച്ചും സമ്മാനിച്ചു. ഇതേ ഓവറിൽ മുഹമ്മദ് ഷമിയെ (1) കുൽദീപ് കൈപ്പിടിയിലൊതുക്കി. 18 ഓവർ പൂർത്തിയാവുമ്പോൾ സ്കോർ എട്ടിന് 140. അടുത്ത ഓവറിലെ മൂന്നും നാലും പന്തുകളിൽ ആൻറിച്ച് നോർയെയെയും (0) മുഹ്സിൻ ഖാനെയും (0) എൻഗിഡി ഡോൾഡൻ ഡക്കാക്കി പറഞ്ഞുവിട്ടതോടെ ലഖ്നോ 141ന് ഓൾ ഔട്ട്. യഥാക്രമം സ്റ്റബ്സും മുകേഷും ക്യാച്ചെടുക്കുകയായിരുന്നു. ഷഹബാസ് അഹ്മദ് 16 പന്തിൽ 15 റൺസുമായി പുറത്താവാതെ നിന്നു. കുൽദീപ് രണ്ട് വിക്കറ്റ് നേടി.

Tags:    
News Summary - IPL: Capitals target 142 against Lucknow Super Giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.