ബംഗളൂരു: സൂപ്പർതാരം വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലും ഒരിക്കൽകൂടി കത്തിക്കയറിയപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു.
കോഹ്ലി 42 പന്തിൽ രണ്ടു സിക്സും എട്ടു ഫോറുമടക്കം 70 റൺസെടുത്താണ് പുറത്തായത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ അർധ സെഞ്ച്വറിയാണ് കോഹ്ലി കുറിച്ചത്. പടിക്കൽ 27 പന്തിൽ 50 റൺസെടുത്തു. മൂന്നു സിക്സും നാലു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. പഞ്ചാബ് കിങ്സിനെതിരെ കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത ബാറ്റിങ് വെടിക്കെട്ടിന്‍റെ തനിയാവർത്തനം തന്നെയായിരുന്നു സ്വന്തം തട്ടകമായ ചിന്നസ്വാമിയിലും കോഹ്ലിയും പടിക്കലും കാഴ്ചവെച്ചത്.
പഞ്ചാബിനെതിരായ മത്സരത്തിൽ ഇരുവരും നേടിയ അർധ സെഞ്ച്വറിയുടെ മികവിലാണ് ബംഗളൂരു അനായാസ ജയം കുറിച്ചത്. ഒന്നാം വിക്കറ്റിൽ കോഹ്ലിയും ഫിൽ സാൾട്ടും മികച്ച തുടക്കമാണ് നൽകിയത്. 6.4 ഓവറിൽ 61 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. പിന്നാലെ പടിക്കലിനെ കൂട്ടുപിടിച്ചായിരുന്നു കോഹ്ലിയുടെ വെടിക്കെട്ട്. കോഹ്ലി പുറത്താകുമ്പോൾ ബംഗളൂരു 15.1 ഓവറിൽ രണ്ടിന് 156 റൺസെന്ന നിലയിലായിരുന്നു. ജൊഫ്ര ആർച്ചറുടെ പന്തിൽ നിതീഷ് റാണക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്.
അധികം വൈകാതെ പടിക്കലും മടങ്ങി. സന്ദീപ് ശർമയുടെ പന്തിൽ റാണ ക്യാച്ചെടുക്കാണ് പടിക്കലിനെ പുറത്താക്കിയത്. നായകൻ രജത് പട്ടീദാർ മൂന്നു പന്തിൽ ഒരു റണ്ണുമായി മടങ്ങി. ടീം ഡേവിഡും (15 പന്തിൽ 23) ജിതേഷ് ശർമയും ചേർന്നാണ് (10 പന്തിൽ 19) ടീം സ്കോർ 200 കടത്തിയത്.
രാജസ്ഥാനുവേണ്ടി സന്ദീപ് ശർമ രണ്ടു വിക്കറ്റ് നേടി. ജൊഫ്ര ആർച്ചർ, വാനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണക്കു പകരം അഫ്ഗാൻ താരം ഫസൽഹഖ് ഫറൂഖി രാജസ്ഥാൻ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി.
എട്ടു മത്സരങ്ങൾ കളിച്ച രാജസ്ഥാൻ നാലു പോയന്റുമായി എട്ടാം സ്ഥാനത്താണ്. അഞ്ചു വിജയങ്ങളുള്ള ആർ.സി.ബി പത്തു പോയന്റുമായി നാലാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.