ഹാട്രിക് ചഹൽ; സാം കറന് അർധ സെഞ്ച്വറി; ചെന്നൈക്കെതിരെ പഞ്ചാബിന് 191 റൺസ് വിജയലക്ഷ്യം

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 191 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.2 ഓവറിൽ 190 റൺസിന് ഓൾ ഔട്ടായി.

യുസ്വേന്ദ്ര ചഹലിന്‍റെ ഹാട്രിക്കടക്കം അവസാന ഓവറുകളിൽ പഞ്ചാബ് പിടിമുറുക്കിയതോടെ വെറും ആറു റൺസിലാണ് ചെന്നൈക്ക് അവസാന അഞ്ചു വിക്കറ്റുകൾ നഷ്ടമായത്. സാം കറനിന്‍റെ അർധ സെഞ്ച്വറിയാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 47 പന്തിൽ നാലു സിക്സും ഒമ്പതു ഫോറുമടക്കം 88 റൺസെടുത്താണ് താരം പുറത്തായത്. ഡെവാൾഡ് ബ്രെവിസ് 26 പന്തിൽ 32 റൺസെടുത്തു.

ഒരുഘട്ടത്തിൽ 5.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിലായിരുന്നു ചെന്നൈ. ഒപ്പണർമാർ നിരാശപ്പെടുത്തി. ഷെയ്ഖ് റഷീദ് 12 പന്തിൽ 11 റൺസെടുത്ത് അർഷ്ദീപ് സിങ്ങിന്‍റെ പന്തിൽ ശശാങ്ക് സിങ്ങിന് ക്യാച്ച് നൽകി മടങ്ങി. ആറു പന്തിൽ ഏഴു റൺസായിരുന്നു ആയുഷ് മാത്രെയുടെ സംഭാവന. മാർകോ ജാൻസന്‍റെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. രവീന്ദ്ര ജദേജക്കും തിളങ്ങാനായില്ല. 12 പന്തിൽ 17 റൺസുമായി താരം മടങ്ങി.

നാലാം വിക്കറ്റിൽ കറനും ബ്രെവിസും തകർത്തടിച്ചതോടെ ടീം സ്കോർ നൂറു കടന്നു. ഇരുവരും 78 റൺസാണ് കൂട്ടിച്ചേർത്തത്. കറൻ മടങ്ങിയതോടെ ടീമിന്‍റെ സ്കോറിങ്ങും നിലച്ചു. ഒരുഘട്ടത്തിൽ 200നു മുകളിൽ കടക്കുമെന്ന് ഉറപ്പിച്ചിരുന്ന ടീം 190 റൺസിന് ഓൾ ഔട്ട്. ആറു റൺസെടുക്കുന്നതിനിടെയാണ് അവസാന അഞ്ചു വിക്കറ്റുകളും ചെന്നൈ വലിച്ചെറിഞ്ഞത്. യുസ്വേന്ദ്ര ചഹലിന്‍റെ ഹാട്രിക്കാണ് ചെന്നൈയുടെ പിൻനിര ബാറ്റർമാരെ തകർത്തത്. ആറാം വിക്കറ്റായി എം.എസ്. ധോണി പുറത്താകുമ്പോൾ ടീം സ്കോർ 184 റൺസായിരുന്നു. ദീപക് ഹൂഡ (രണ്ടു പന്തിൽ രണ്ട്), അൻഷുൽ കംബോജ് (പൂജ്യം), നൂർ അഹ്മദ് (പൂജ്യം), ശിവം ദുബെ (ആറു പന്തിൽ ആറ്) എന്നിവരാണ് പുറത്തായത്.

റണ്ണൊന്നും എടുക്കാതെ ഖലീൽ അഹ്മദ് പുറത്താകാതെ നിന്നു. 19ാം ഓവറിലായിരുന്നു ചഹലിന്‍റെ ഹാട്രിക്. ഹൂഡ, കംബോജ്, നൂർ എന്നിവരെ അവസാന മൂന്നു പന്തുകളിൽ പുറത്താക്കിയാണ് താരം സീസണിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. അർഷ്ദീപ്, മാർകോ ജാൻസൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും അസ്മത്തുല്ല ഉമർസായി, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - IPL 2025: Chennai Super Kings vs Punjab Kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.