കൊൽക്കത്ത: ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴിന് 93 റൺസെന്ന നിലയിലാണ് സന്ദർശകർ. മൂന്നു വിക്കറ്റു മാത്രം കൈവശമിരിക്കെ ആകെ 63 റൺസിന്റെ ലീഡ് മാത്രമാണ് പ്രോട്ടീസിനുള്ളത്. ക്യാപ്റ്റൻ തെംബ ബവുമ (78 പന്തിൽ 29*), കോർബിൻ ബോഷ് (4 പന്തിൽ 1*) എന്നിവരാണ് ക്രീസിൽ. പുറത്തായ മൂന്നു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
30 റൺസ് കടവുമായിറങ്ങിയ ദക്ഷിണാഫ്രിക്കൻ മുൻനിര സ്പിന്നർമാർക്കു മുന്നിൽ പൊരുതിനിൽക്കാതെ മുട്ടുമടക്കുകയായിരുന്നു. റയാൻ റിക്കിൾട്ടൻ (23 പന്തിൽ 11), എയ്‌ഡൻ മാർക്രം (23 പന്തിൽ 4), വിയാൻ മുൾഡർ (30 പന്തിൽ 11), ടോണി ഡെ സോർസി (2 പന്തിൽ 2), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 5), കെയ്‌ൽ വെറൈൻ (16 പന്തിൽ 9), മാർക്കോ യാൻസൻ (16 പന്തിൽ 13) എന്നിവരാണ് പുറത്തായത്. മധ്യനിരയിലിറങ്ങിയ ബവുമ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. ഇന്ത്യയുടെ എട്ട് വിക്കറ്റുകളടക്കം 15 വിക്കറ്റാണ് രണ്ടാം ദിനം ഈഡൻ ഗാർഡനിൽ വീണത്.
ബാറ്റിങ്ങിനിടെ പരിക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ഓവർ മുതൽ സ്പിന്നർമാരെ പന്തേൽപ്പിക്കാനുള്ള ഋഷഭിന്റെ തീരുമാനം മികച്ചതായി. ഗില്ലിനു പകരം ദേവ്‌ദത്ത് പടിക്കലാണ് ഫീൽഡിങ്ങിന് ഇറങ്ങിയത്. മൂന്നാംദിനം അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യക്ക് ജയം സ്വന്തമാക്കാം. ലോക ടെസ്റ്റ് ചാമ്പ്യന്മാരായെത്തിയ ദക്ഷിണാഫ്രിക്കൻ നിര വമ്പൻ തിരിച്ചടിയാണ് ഇന്ത്യൻ മണ്ണിൽ നേരിടുന്നത്.
പ്രോട്ടീസിനെതിരെ 30 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. പരിക്കേറ്റ് മടങ്ങിയ നായകൻ ശുഭ്മൻ ഗിൽ ക്രീസിലേക്ക് തിരിച്ചിറങ്ങിന്നില്ലെന്ന് തീരുമാനിച്ചതോടെ, 189ൽ ഇന്നിങ്സ് അവസാനിപ്പിച്ചു. 39 റൺസ് നേടിയ ഓപണർ കെ.എൽ. രാഹുലാണ് ടോപ് സ്കോറർ. വാലറ്റം പൊരുതാതെ കീഴടങ്ങിയതോടെ, ഇന്ത്യയെ ചെറിയ ലീഡിൽ ഒതുക്കാൻ പ്രോട്ടീസ് ബൗളർമാർക്കായി. സന്ദർശകർക്കായി സൈമൺ ഹാർമർ നാലും മാക്രോ യാൻസൻ മൂന്നും വിക്കറ്റുകൾ പിഴുതു.
ഒന്നിന് 37 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദറിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 82 പന്തുകൾ നേരിട്ട താരം രണ്ട് ഫോറും ഒരു സിക്സും സഹിതം 29 റൺസ് നേടിയാണ് പുറത്തായത്. സൈമൺ ഹാർമർക്കാണ് വിക്കറ്റ്. അധികം വൈകാതെ നായകൻ ശുഭ്മൻ ഗില്ലിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. നാല് റൺസെടുത്തു നിൽക്കെ കഴുത്തിന് വേദന അനുഭവപ്പെട്ട താരം റിട്ടയേഡ് ഹർട്ടായി മടങ്ങി.
സ്കോർ 100 പിന്നിട്ടതിനു പിന്നാലെ എയ്ഡൻ മാർക്രമിന് ക്യാച്ച് സമ്മാനിച്ച് കെ.എൽ. രാഹുൽ (39) കൂടാരം കയറി. നാല് ഫോറും ഒരു സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്. ഉപനായകൻ ഋഷഭ് പന്തിനെ കോർബിൻ ബോഷ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. 27 റൺസ് നേടിയ പന്ത്, ടെസ്റ്റിൽ ഏറ്റവുമധികം സിക്സറുകളടിച്ച ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കി. മത്സരത്തിൽ രണ്ട് സിക്സറുകൾ പായിച്ച പന്ത്, മുൻ താരം വിരേന്ദർ സെവാഗിനെയാണ് മറികടന്നത്.
ലഞ്ചിന് മുമ്പ് രവീന്ദ്ര ജദേജയും ധ്രുവ് ജുറേലും ചേർന്ന് പ്രോട്ടീസ് സ്കോറിനെ മറികടന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. ജദേജ 27ഉം ജുറേൽ 14 റൺസുമാണ് നേടിയത്. സൈമൺ ഹാർമറാണ് ഇരുവരെയും പുറത്താക്കിയത്. കുൽദീപ് യാദവ് ഒറ്റ റണ്ണുമായി പുറത്തായി. മാർക്കോ യാൻസന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ കെയ്‍ൽ വെറെയ്ൻ പിടികൂടിയാണ് താരം പവലിയനിലേക്ക് മടങ്ങിയത്. മുഹമ്മദ് സിറാജിനെ (1) യാൻസൻ ക്ലീൻ ബൗൾഡാക്കി. 16 റൺസ് നേടിയ അക്സർ പട്ടേലിനെ യാൻസന്‍റെ കൈകളിലെത്തിച്ച ഹാർമർ, വിക്കറ്റുനേട്ടം നാലായി ഉയർത്തി. ജസ്പ്രീത് ബുംറ ഒറ്റ റണ്ണുമായി പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.