ബാവുമക്കും ദസ്സനും സെഞ്ച്വറി; ഇന്ത്യക്ക് 297 റൺസ് വിജയലക്ഷ്യം

പാൾ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 297 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ആതിഥേയർ നാലു വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. തെംബ ബാവുമയുടെയും വാൻ ഡെർ ദസ്സന്‍റെയും സെഞ്ച്വറിയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ കണ്ടെത്തിയത്.

143 പന്തിൽനിന്ന് തെംബ ബാവുമ 110 റൺസെടുത്തു. ദസ്സൻ 96 പന്തിൽനിന്ന് നാലു സിക്സറുകളും ഒമ്പതു ഫോറുകളും ഉൾപ്പെടെ 129 റൺസെടുത്ത് പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. 184 പന്തുകളിൽനിന്ന് ഇരുവരും നേടിയത് 204 റൺസ്.

നേരത്തെ, 68 റൺസിനിടെ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യക്ക്, ഇരുവരുടെയും ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് തിരിച്ചടിയായത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്‌കോർ 19ൽ നിൽക്കേ ഓപ്പണർ ജാനേമാൻ മലാനെ ആദ്യം നഷ്ടമായി. ആറ് റൺസെടുത്ത മലാനെ ജസ്പ്രീത് ബുംറ ഋഷഭ് പന്തിന്‍റെ കൈയിലെത്തിച്ചു.

രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്വിന്‍റൺ ഡികോക്കും നായകൻ തെംബ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്‌കോർ 50 കടത്തി. ഇതിനിടെ 41 പന്തുകളിൽനിന്ന് 21 റൺസെടുത്ത ഡി കോക്കിനെ അശ്വിൻ ക്ലീൻ ബൗൾഡാക്കി. ക്രീസിലെത്തിയ എയ്ഡൻ മാർക്രത്തെ അരങ്ങേറ്റതാരം വെങ്കടേഷ് അയ്യർ റൺ ഔട്ടാക്കി. എന്നാൽ പിന്നീടെത്തിയ വാൻ ഡെർ ദസ്സനെയും കൂട്ടുപിടിച്ച് ബാവുമ ദക്ഷിണാഫ്രിക്കയുടെ സ്‌കോർ 272 രണ്ടിലെത്തിച്ചു.

ബവുമയെ ബുംറ മടക്കി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ടും അശ്വിൻ ഒരു വിക്കറ്റും നേടി. പരിക്കേറ്റ രോഹിത് ശര്‍മക്ക് പകരം കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.

Tags:    
News Summary - India vs South Africa 1st ODI: South Africa Post 296/4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.