കാണികളെ അഭിവാദ്യം ചെയ്യുന്ന ശുഭ്മൻ ഗിൽ
ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കരുതലോടെ തുടങ്ങി ഇന്ത്യ. ആദ്യ ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ 85 ഓവറിൽ അഞ്ച് വിക്കറ്റിന് 310 റൺസ് എന്ന ഭേദപ്പെട്ട നിലയിലാണ്. 114 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, മറുവശത്ത് കാവലുള്ള രവീന്ദ്ര ജഡേജ (41) എന്നിവരിലാണ് ഇന്ത്യയുടെ തുടർ പ്രതീക്ഷ. 87 റൺസെടുത്ത് ഓപണർ യശസ്വി ജയ്സ്വാൾ കരുത്തുകാട്ടി. കരുൺ നായർ (31), റിഷഭ് പന്ത് (25) എന്നിവരും രണ്ടക്കം കടന്നു. കെ.എൽ രാഹുൽ (രണ്ട്), നിതീഷ് കുമാർ റെഡ്ഡി (ഒന്ന്) എന്നിവർക്ക് തിളങ്ങാനായില്ല.
ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് തുടർച്ചയായി രണ്ടാം തവണയും ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് രണ്ടിന് 98 എന്ന നിലയിലായിരുന്നു സന്ദർശകർ. ആദ്യ മണിക്കൂറിൽ ഓപണർ കെ.എൽ. രാഹുലിനെ (26 പന്തിൽ രണ്ട്) ക്രിസ് വോക്സ് മടക്കി. നിർണായകമായ രണ്ടാം വിക്കറ്റിൽ യശസ്വി ജയ്സ്വാളും കരുൺ നായരും പിടിച്ചുനിന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും 80 റൺസ് ചേർത്തത് തകർച്ച ഒഴിവാക്കി.
ഒന്നാം ടെസ്റ്റിൽ പൂജ്യത്തിന് ഒന്നാമിന്നിങ്സിൽ പുറത്തായ കരുൺ, ജയ്സ്വാളിന് മികച്ച പിന്തുണയേകി. ലീഡ്സിൽ ആറാമനായി ഇറങ്ങിയ കരുൺ ബർമിങ്ഹാമിൽ വൺഡൗണായി. തുടക്കത്തിൽ ജോഷ് ടങ്ങിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു റിവ്യു അതിജീവിച്ച കരുൺ, അടുത്ത ഓവറിൽ തുടർച്ചയായി രണ്ട് ഫോറടിച്ച് ആത്മവിശ്വാസം തിരിച്ചുപിടിച്ചു. പിന്നീട് മോശം പന്തുകളിൽ മാത്രം റൺസെടുത്ത കരുൺ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് പുറത്തായി. ബ്രൈഡൻ കാഴ്സിന്റെ തകർപ്പൻ ഷോട്ട് ബാൾ ബാറ്റിൽ തട്ടി രണ്ടാം സ്ലിപ്പിൽ ഹാരി ബ്രൂക്കിന്റെ കൈയിലെത്തി. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യ കരുതലോടെ കുതിച്ചു.
മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. പ്രധാന പേസറായ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകി. പകരം ആകാശ്ദീപിനാണ് അവസരം ലഭിച്ചത്. സായ് സുദർശന് പകരം വാഷിങ്ടൺ സുന്ദറിനെയും ശർദൂൽ ഠാക്കുറിന് പകരം നിതീഷ് കുമാർ റെഡ്ഡിയെയും കളിസംഘത്തിലുൾപ്പെടുത്തി. വാഷിങ്ടൺ സുന്ദറിനെ ബൗളിങ്ങിലും ഉപയോഗപ്പെടുത്താമെന്നതിനാൽ സ്പെഷലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിന് പുറത്തുതന്നെയായിരുന്നു സ്ഥാനം.
ആദ്യ ടെസ്റ്റിൽ എതിരാളികളുടെ 20 വിക്കറ്റ് വീഴ്ത്താൻ കഴിയാത്ത ടീം, സ്പെഷലിസ്റ്റ് സ്പിന്നറെ ഒഴിവാക്കിയതിലും അഞ്ച് സ്പെഷലിസ്റ്റ് ബാറ്റർമാരെ മാത്രം ഉൾപ്പെടുത്തിയതിലും വിമർശനമുയരുന്നുണ്ട്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ബ്രൈഡൻ കാർസ്, ബെൻ സ്റ്റോക്സ്, ശുഐബ് ബഷീർ എന്നിവർ ഓരോ വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.