വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇംഗ്ലിഷ് താരങ്ങൾ

തകർന്നടിഞ്ഞ് വാലറ്റം, ഇന്ത്യ 364ന് പുറത്ത്; ഇംഗ്ലണ്ടിന് ജയിക്കാൻ 371 റൺസ്

ലീഡ്സ്: ആൻഡേഴ്സൻ - ടെൻഡുൽക്കർ ട്രോഫി പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു മുന്നിൽ 371 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ ടീം ഇന്ത്യ 364ന് പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ആറ് റൺസിന്‍റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ഓപണർ കെ.എൽ. രാഹുലും മധ്യനിരയിൽ ഋഷഭ് പന്തും സെഞ്ച്വറികളുമായി തിളങ്ങിയെങ്കിലും മറ്റാർക്കും ഫോമിലേക്ക് ഉയരാനാകാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. 137 റൺസ് നേടിയ രാഹുലാണ് ടോപ് സ്കോറർ. സ്കോർ: ഇന്ത്യ - 471 & 364, ഇംഗ്ലണ്ട് - 465.

നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് എട്ട് റൺസ് നേടിയ നായകൻ ശുഭ്മൻ ഗില്ലിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെയൊന്നിച്ച രാഹുലും പന്തും ചേർന്ന് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 195 റൺസാണ് കൂട്ടിച്ചേർത്തത്. 140 പന്തിൽ 118 റൺസ് നേടിയ മനോഹര ഇന്നിങ്സാണ് പന്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. നിർഭയനായി ബാറ്റുവീശിയ താരം 18 തവണയാണ് പന്ത് അതിർത്തിവര കടത്തിയത്. ഇതിൽ മൂന്നെണ്ണം ഗാലറിയിലെത്തി.

രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയതോടെ, 148 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പർ ബാറ്ററെന്ന ബഹുമതി പന്തിന്‍റെ പേരിലായി. 2001ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇതേനേട്ടം കൈവരിച്ച സിംബാബ്വെ താരം ആൻഡി ഫ്ളവറാണ് പട്ടികയിലെ ആദ്യ താരം. ഇംഗ്ലിഷ് മണ്ണിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറാണ് പന്ത്. ഒരു ടെസ്റ്റിലെ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമാണ് പന്ത്. ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറിയാണ് പന്ത് ലീഡ്സിൽ കുറിച്ചത്.

സെഞ്ച്വറിക്കു പിന്നാലെ വമ്പൻ ഷോട്ടുകളുതിർത്ത് ഇംഗ്ലിഷ് ബൗളർമാരെ ഞെട്ടിച്ച താരം, ശുഐബ് ബഷീറിന്‍റെ പന്തിൽ സാക് ക്രൗളിക്ക് ക്യാച്ച് സമ്മാനിച്ചാണ് കൂടാരം കയറിയത്. അധികം വൈകാതെ രാഹുലും മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 247 പന്തിൽ 137 റൺസടിച്ച രാഹുലിനെ ബ്രൈഡൻ കാഴ്സ് ബൗൾഡാക്കി. 18 ഫോറുൾപ്പെടെ അതിമനോഹര ഇന്നിങ്സ് കാഴ്ചവെച്ച രാഹുലിന്‍റെ ഇന്നിങ്സ്, മൂന്നിന് 92 എന്ന നിലയിൽ തകർച്ചയെ മുന്നിൽകണ്ട ഇന്ത്യയുടെ തിരിച്ചുവരവിൽ നിർണായകമായി. മലയാളി താരം കരുൺ നായർ (20) ക്രിസ് വോക്സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 

ശാർദുൽ ഠാക്കൂർ (4), മുഹമ്മദ് സിറാജ് (0), ജസ്പ്രീത് ബുംറ (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവർ പിടിച്ചുനിൽക്കാനാകാതെ മടങ്ങി. 25 റൺസ് നേടിയ രവീന്ദ്ര ജദേജ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സ്, ജോഷ് ടങ് എന്നിവർ മൂന്ന് വീതം വീക്കറ്റുകൾ സ്വന്തമാക്കി. ശുഐബ് ബഷീർ രണ്ടും ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Tags:    
News Summary - India vs England 1st Test Day 4 Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.