സെഞ്ച്വറി നേടിയ രാഹുലിനെ പന്ത് അഭിനന്ദിക്കുന്നു
ലീഡ്സ്: ആൻഡേഴ്സൻ -ടെൻഡുൽക്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. 71 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ആകെ ലീഡ് 291 റൺസായി. സെഞ്ച്വറി നേടിയ ഓപണർ കെ.എൽ. രാഹുൽ (113*) വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (116*) എന്നിവരാണ് ക്രീസിൽ.
രാഹുലും പന്തും മൂന്നക്കം കടന്നതോടെ മത്സരത്തിൽ ഇന്ത്യൻ താരങ്ങളുടെ സെഞ്ച്വറി നേട്ടം അഞ്ചായി ഉയർന്നു. ഇതോടെ ഒരു ടെസ്റ്റിൽ ഒരു ടീമിനു വേണ്ടി നേടുന്ന സെഞ്ച്വറികളുടെ എണ്ണത്തിൽ ഇന്ത്യ റെക്കോഡിനൊപ്പമെത്തി. ആദ്യ ഇന്നിങ്സിൽ യശസ്വി ജയ്സ്വാൾ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ഋഷഭ് പന്ത് എന്നിവർ സെഞ്ച്വറി നേടിയിരുന്നു. സെഞ്ച്വറിക്ക് പിന്നാലെ ജോ റൂട്ടിന്‍റെ ഒറ്റ ഓവറിൽ ലെഗ് ബൈ ഫോർ ഉൾപ്പെടെ 19 റൺസ് അടിച്ചെടുത്താണ് പന്ത് ആഘോഷിച്ചത്.
നേരത്തെ നാലാംദിനം രണ്ടിന് 90 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രണ്ട് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ വിക്കറ്റ് നഷ്ടമായിരുന്നു. എട്ട് റൺസ് നേടിയ ഗില്ലിനെ ബ്രൈഡൻ കാഴ്സ് ബൗൾഡാക്കുകയായിരുന്നു. നാല് റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 30 റൺസ് നേടിയ സായി സുദർശൻ എന്നിവരുടെ വിക്കറ്റ് കഴിഞ്ഞ ദിവസം വീണിരുന്നു. മധ്യനിര പ്രതീക്ഷ കാത്താൽ ഇന്ത്യക്ക് വലിയ സ്കോറിലെത്താനാകും. ഒന്നാമിന്നിങ്സിൽ ആറ് റൺസിന്‍റെ നേരിയ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.
99 റൺസിൽ ഹാരി ബ്രൂക്കും 465ൽ ഇംഗ്ലണ്ടും വീണതോടെയാണ് ഞായറാഴ്ച ഹെഡിങ്ലിയിൽ കൈവിട്ട ലീഡ് തിരിച്ചുപിടിച്ച് ഇന്ത്യ പ്രതീക്ഷ സജീവമാക്കിയത്. കരിയറില്‍ 14-ാം തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. 471 റൺസാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അടിച്ചെടുത്തത്. 100.4 ഓവർ ബാറ്റു ചെയ്ത ആതിഥേയർക്ക് 465 റൺസായിരുന്നു സമ്പാദ്യം. മോശം ഫീൽഡിങ്ങാണ് ഇംഗ്ലണ്ടിന്റെ സ്കോർ ഇന്ത്യക്കൊപ്പമെത്താൻ സഹായിച്ചത്. ബുംറ അർഹിച്ച ക്യാച്ച് പലപ്പോഴും ഫീൽഡർമാർ വെറുതെ നഷ്ടപ്പെടുത്തിയത് സങ്കടക്കാഴ്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.