ധവാനും കോഹ്​ലിയും ക്രീസിലുറച്ചു, ക്രുണാലും രാഹുലും ആഞ്ഞടിച്ചു; ഇന്ത്യക്ക്​ മികച്ച സ്​കോർ

പൂനെ: ശിഖർ ധവാന​​ും വിരാട്​ കോഹ്​ലിയും നിലമൊരുക്കിയ ഇന്നിങ്​സിൽ നിന്നും​ കെ.എൽ രാഹുലും ക്രുനാൽ​ പാണ്ഡ്യയും വിളവ്​ കൊയ്​തതോടെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്​ മികച്ച സ്​കോർ. 40 ഓവറിൽ 205 റൺസിന്​ അഞ്ചുവിക്കറ്റ്​ നഷ്​ടമായിരുന്ന ഇന്ത്യക്കായി അവസാന ഓവറുകളിൽ ആഞ്ഞടിച്ച രാഹുലും പാണ്ഡ്യയും ചേർന്ന്​ സ്​കോർ 300 കടത്തുകയായിരുന്നു. വെറും 26 പന്തിൽ അർധ ശതകം കുറിച്ച ക്രുണാൽ തന്‍റെ അരങ്ങേറ്റ മത്സരം അവിസ്​മരണീയമാക്കിയാണ്​ തിരികെ നടന്നത്​. നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റിന്​ 317റൺസെന്ന നിലയിലാണ്​ ഇന്ത്യ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​.

ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതുക്കെയാണ്​ സ്​കോർ ചെയ്​തുതുടങ്ങിയത്​. 15.1 ഓവറിൽ ഇന്ത്യൻ സ്​കോർ 64 റൺസിലെത്തിയിരിക്കവേ 28 റൺസെടുത്ത രോഹിത്​ ശർമയാണ്​ ആദ്യം പുറത്തായത്​. തുടർന്നെത്തിയ കോഹ്​ലിയും (56) ധവാനും (98) ക്രീസിലുറച്ചതോടെ ഇന്ത്യൻ സ്​കോർ പതിയെ കുതിച്ചുതുടങ്ങി. അർധ ശതകം കുറിച്ചതിന്​ പിന്നാലെ കോഹ്​ലിയും തൊട്ടുപിന്നാലെ​ ശ്രേയസ്​ അയ്യറും (6) മടങ്ങി. സെഞ്ച്വറിയിലേക്ക്​ ബാറ്റുവീശിയിരുന്ന ധവാനെ ബെൻസ്​റ്റോ്​ക്​സ്​ മോർഗന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

അവസാന ഓവറുകളിൽ വെടിക്കെട്ട്​ തീർക്കാൻ ശേഷിയുള്ളI ഹാർദിക്​ പാണ്ഡ്യ ഒരു റൺസുമായി മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായെങ്കിലും രാഹുലും ക്രുണാലും ചേർന്ന്​ ഇന്ത്യയെ എടുത്തുയർത്തുകയായിരുന്നു. ഇംഗ്ലണ്ടനായി സ്റ്റോക്​സ്​ മൂന്നും മാർക്​വുഡ്​ രണ്ടും വിക്കറ്റുകൾ വീഴ്​ത്തി. ഷർദുൽ ഠാക്കൂർ, ഭു​വനേശ്വർ കുമാർ, കുൽദീപ്​ യാദവ്​ എന്നിവർക്കൊപ്പം അരങ്ങേറ്റക്കാരനായി പ്രസിദ്​ കൃഷണയെയും കൊണ്ടാണ്​ ഇന്ത്യ ബൗളിങ്ങിനിറങ്ങുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.