11 റൺസിനിടെ ആറു വിക്കറ്റ് നഷ്ടം; 197ന് ആസ്ട്രേലിയ പുറത്ത്- ടെസ്റ്റ് വിക്കറ്റിൽ സെഞ്ചൂറിയനായി ഉമേഷ് യാദവ്

ചായക്കു പിരിയുംവരെ ആധികാരിക പ്രകടനവുമായി പിടിച്ചുനിന്നവർ അതുകഴിഞ്ഞ് എല്ലാം ഞൊടിയിടയിൽ വലിച്ചെറിഞ്ഞപ്പോൾ പ്രതീക്ഷ കൂട്ടി ആതിഥേയർ. 34 പന്തിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ആസ്ട്രേലിയ 197 റൺസിന് എല്ലാവരും പുറത്തായത്. സ്പിൻ പിച്ചെന്ന് തോന്നിച്ച് ആദ്യ ദിനം ജഡേജ വാണ ​ക്രീസിൽ മോഹസ്‍പെല്ലുമായി പേസർ ഉമേഷ് യാദവും ഒപ്പം അശ്വിനും നിറഞ്ഞാടിയതോടെയാണ് ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചെത്തിയത്.

ടെസ്റ്റ് വിക്കറ്റിൽ 100 പിന്നിട്ട ഉമേഷ് യാദവ് ആയിരുന്നു രണ്ടാം ദിവസം ഇന്ത്യൻ ബൗളിങ്ങിലെ ഹീറോ. പേസർമാരിൽ കപിൽ ദേവും ശ്രീനാഥും സഹീർ ഖാനും ഇശാന്ത് ശർമയും മുമ്പ് വെട്ടിപ്പിടിച്ച റെക്കോഡാണ് റിവേഴ്സ് സ്വിങ്ങുകൾ കൊണ്ട് ഉമേഷ് സ്വന്തം പേരിലുമാക്കിയത്. രണ്ടാം ദിവസം ഹാൻഡ്സ്കോംബിനെ പറഞ്ഞുവിട്ട് അശ്വിൻ നൽകിയ തുടക്കം ഏറ്റെടുത്ത ഉമേഷ് മിച്ചെൽ സ്റ്റാർക്കിന്റെയും ടോഡ് മർഫിയുടെയും കുറ്റി പിഴുതപ്പോൾ കാമറൺ ഗ്രീനിനെ എൽ.ബി.ഡബ്ല്യുവിൽ കുടുക്കി. അഞ്ചോവറിൽ 12 റൺസ് മാത്രം നൽകിയായിരുന്നു മൂന്നു വിക്കറ്റ് നേട്ടം. അലക്സ് കാരി, നഥാൻ ലിയോൺ എന്നിവരുടെ വിക്കറ്റ് അശ്വിനായിരുന്നു. ഇതോടെ ജഡേജ നാലു വിക്കറ്റുമായി മുന്നിൽ നിന്ന​പ്പോൾ ഉമേഷ് യാദവ്, അശ്വിൻ എന്നിവർ മൂന്നു വീതം വിക്കറ്റു വീഴ്ത്തി. 

രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ നാല് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 13 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ശുഭ്മാൻ ഗില്ലാണ് ക്രീസിലുള്ളത്.

75 റൺസ് ലീഡുള്ള ആസ്ട്രേലിയക്ക് ഇന്ത്യ​യെ നേരത്തെ മടക്കാനായാൽ കളി ജയിക്കാം. എന്നാൽ, ആദ്യ ഇന്നിങ്സിലെ നഷ്ടം ഇത്തവണ മികച്ച ലീഡുയർത്തി തിരിച്ചടിക്കാമെന്ന് ആതിഥേയരും കണക്കുകൂട്ടുന്നു. 

News Summary - India vs Australia 3rd Test: Australia lose 6 for 11; India go unscathed to lunch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.