തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരത്തിൽ തുടക്കത്തിലെ തകർച്ചയിൽനിന്ന് കരകയറിയ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് 107 റൺസ് വിജയലക്ഷ്യം കുറിച്ചു. 35 പന്തിൽ 41റൺസെടുത്ത കേശവ് മഹാരാജിന്റെ പ്രകടനമാണ് സന്ദർശകരെ നൂറ് കടത്തിയത്. ഒമ്പത് റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റെന്ന പരിതാപകരമായ നിലയിലായിരുന്നു ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക. ഇതിൽനിന്നാണ് എട്ടിന് 106 എന്ന നിലയിലെത്തിയത്.
ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്നും ദീപക് ചാഹർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വീതവും അക്സർ പട്ടേൽ ഒന്നും വിക്കറ്റെടുത്തു. ഓപണർ ക്വിന്റൺ ഡി കോക്ക് ഒരു റൺസെടുത്ത് മടങ്ങിയപ്പോൾ ടെംബ ബാവുമ, റിലി റോസ്സു, ഡേവിഡ് മില്ലർ, ട്രിസ്റ്റൺ സ്റ്റബ്ബ്സ് എന്നിവർ പൂജ്യത്തിന് പുറത്താവുകയായിരുന്നു. തന്റെ ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് സിങ് മൂന്നുപേരെ പവലിയനിലയച്ചു. ഡികോക്കിന്റെയും ഡേവിഡ് മില്ലറുടെയും കുറ്റിയെടുത്ത പേസർ, റിലി റോസ്സുവിനെ വിക്കറ്റ് കീപ്പർ ഋഷബ് പന്തിന്റെ കൈയിലെത്തിച്ചു.
രക്ഷാ പ്രവർത്തനം നടത്തിയിരുന്ന എയ്ഡൻ മർക്റമിനെ (24 പന്തിൽ 25) ഹർഷൽ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ വെയ്ൻ പാർനലിനെ (37 പന്തിൽ 24) അക്സർ പട്ടേൽ പുറത്താക്കി. 35 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും സഹിതം 41 റൺസെടുത്ത കേശവ് മഹാരാജിനെ ഹർഷൽ പട്ടേൽ ബൗൾഡാക്കി. ഏഴ് റൺസുമായി കഗിസൊ റബാദയും രണ്ടു റൺസുമായി ആൻറിച്ച് നോർട്ട്ജെയും പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.