ഇന്ത്യൻ താരം സ്മൃതി മന്ദാന പരിശീലനത്തിൽ
കൊളംബോ: കരയിലെ യുദ്ധ സമാന സാഹചര്യം കളത്തിലും തുടരവെ തുടർച്ചയായ നാലാം ഞായറാഴ്ചയും ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരം. കഴിഞ്ഞ മൂന്ന് ആഴ്ചകളിലും ഏഷ്യ കപ്പിൽ പുരുഷ ടീമുകൾ തമ്മിലായിരുന്നു കളി. ഫൈനലടക്കം മൂന്നിലും ജയിച്ച് കിരീടം നിലനിർത്തിയ ഇന്ത്യ, വനിത ഏകദിന ലോകകപ്പിൽ വിജയം തുടരാനുറച്ചാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചിരുന്നു ഹർമൻപ്രീത് കൗറും സംഘവും. പാകിസ്താനാവാട്ടെ ബംഗ്ലാദേശിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ക്ഷീണത്തിലും. അതേസമയം, കൊളംബോയിൽ മഴ തുടരുന്നത് ഭീഷണിയാണ്.
കളിക്കളത്തിലും കടലാസിലും വലിയ മുൻതൂക്കം ഇന്ത്യക്ക് പാക് ടീമിനെതിരെയുണ്ട്. ഇരുകൂട്ടരും തമ്മിൽ ഇതുവരെ 27 മത്സരങ്ങൾ കളിച്ചപ്പോൾ 24ലും ഇന്ത്യക്കായിരുന്നു ജയം. പാകിസ്താന് മൂന്ന് കളികൾ ജയിക്കാനായതാവട്ടെ ട്വന്റി20യിലും. ഏകദിനത്തിൽ 11ൽ 11ഉം ഇന്ത്യക്കൊപ്പം നിന്നു. ലങ്കക്കെതിരെ സ്പെഷലിസ്റ്റ് ബാറ്റർമാർ പലരും നിറംമങ്ങിയ കളിയിൽ മധ്യനിരയുടെയും വാലറ്റത്തിന്റെയും മികവിലാണ് വിമൻ ഇൻ ബ്ലൂ പൊരുതാവുന്ന സ്കോറിലെത്തിയത്. ബാക്കി ദൗത്യം ബൗളർമാർ പൂർത്തിയാക്കി. 53 റൺസ് നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സ്പിൻ ഓൾ റൗണ്ടർ സ്നേഹ് റാണയുടെ ഓൾ റൗണ്ട് പ്രകടനം എടുത്തുപറയണം.
പേസർ കൂടിയായ അമൻജോത് കൗർ അർധശതകവും ഒരു വിക്കറ്റും സ്വന്തമാക്കി. ഫാത്തിമ സന നയിക്കുന്ന പാകിസ്താൻ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശിനോട് മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇവർ വെറും 129 റൺസിന് കൂടാരം കയറി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ താരങ്ങളെ ഹസ്തദാനം ചെയ്യേണ്ടതില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനം. പുരുഷ ടീം ഏഷ്യ കപ്പിലെ മൂന്ന് കളികളിലും ഹസ്തദാനം ചെയ്തില്ല. വനിത ലോകകപ്പിലും ഈ നയം തുടരുമെന്ന് ബി.സി.സി.ഐ അറിയിച്ചു.
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ഛേത്രി, രേണുക സിങ് ഠാകുർ, ദീപ്തി ശർമ, സ്നേഹ് റാണ, ശ്രീചരണി, രാധ യാദവ്, അമൻജോത് കൗർ, കെ. അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്.
പാകിസ്താൻ: ഫാത്തിമ സന (ക്യാപ്റ്റൻ), മുനീബ അലി സിദ്ദിഖി, ആലിയ റിയാസ്, ഡയാന ബെയ്ഗ്, എയ്മൻ ഫാത്തിമ, നഷ്റ സുന്ദു, നതാലിയ പർവേസ്, ഉമൈമ സുഹൈൽ, റമീൻ ഷമീം, സദഫ് ഷംസ്, സാദിയ ഇഖ്ബാൽ, ഷവ്വാൽ സുൽഫിഖർ, സിദ്ര അമീൻ, സിദ്ര നവാസ്, സൈദ അറൂബ് ഷാ.
കൊളംബോ: ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കേണ്ടിയിരുന്ന ശ്രീലങ്ക-ആസ്ട്രേലിയ വനിത ലോകകപ്പ് മത്സരം ഉപേക്ഷിച്ചു. ശക്തമായ മഴ തുടർന്നതോടെ ഒരു പന്തുപോലും എറിയാനാവാതെ കളി വേണ്ടെന്നുവെക്കുകയായിരുന്നു. ഇരു ടീമും ഓരോ പോയന്റ് പങ്കിട്ടു. ലങ്ക ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റിരുന്നു. ന്യൂസിലൻഡിനെ പരാജയപ്പെടുത്തി തുടങ്ങിയ ആസ്ട്രേലിയ (3) പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.