തിരുവനന്തപുരം: അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20 പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഇതുസംബന്ധിച്ച് ബി.സി.സി.ഐയിൽനിന്ന് അറിയിപ്പ് ലഭിച്ചതായി കെ.സി.എ വൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു. തിയതി തീരുമാനമായിട്ടില്ല.
ജനുവരിയിൽ ഇന്ത്യയിലെത്തുന്ന ന്യൂസിലൻഡ് ടീം മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി20 മത്സരങ്ങളുമാണ് കളിക്കുക. കാര്യവട്ടത്തിന് പുറമെ നാഗ്പൂർ, ഗുവാഹതി, ഇൻഡോർ, മോഹാലി, രാജ്കോട്ട്, ഹൈദരാബാദ്, ജയ്പൂർ തുടങ്ങിയ വേദികകളിലാകും മറ്റ് മത്സരങ്ങൾ. ഇതിന് ശേഷം ഏപ്രിലിൽ ഇന്ത്യയുടെ ഒരു ഏകദിന മത്സരത്തിന് കൂടി കാര്യവട്ടം വേദിയായേക്കും.
അതേസമയം ഒക്ടോബറിൽ അർജന്‍റീന ടീം സൗഹൃദമത്സരങ്ങൾക്കായി കേരളത്തിലെത്തിയാൽ ക്രിക്കറ്റ് മത്സരങ്ങളുടെ ഭാവി തുലാസിലാകും. ഫുട്ബാൾ മത്സരത്തിനായി സർക്കാർ കണ്ടുവെച്ചിരിക്കുന്ന വേദികളിലൊന്ന് 50,000 പേർക്ക് ഇരിക്കാൻ കഴിയുന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ്.
നിലവിൽ ക്രിക്കറ്റിനായി തയാറാക്കിയിരിക്കുന്ന ഗ്രൗണ്ട് ഫുട്ബാളിനായി ഒരുക്കിയെടുക്കുമ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള 12 പിച്ചുകളും നശിപ്പിക്കേണ്ടിവരും. ഫുട്ബാൾ മത്സരശേഷം രണ്ടുമാസത്തിനുള്ളിൽ വീണ്ടും അന്താരാഷ്ട്ര നിലവാരമുള്ള പിച്ചുകൾ ഒരുക്കുക ബുദ്ധിമുട്ടാകുമെന്ന് കെ.സി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.