ബംഗ്ലാദേശിനെ 182 റൺസിന് ചുരുട്ടിക്കെട്ടി നീലപ്പട; ടീം ഇന്ത്യക്ക് 227 റണ്‍സിന്‍റെ കൂറ്റൻ ജയം

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത് 409 റണ്‍സ് എടുത്ത ഇന്ത്യക്കെതിരേ ബംഗ്ലാദേശ് 182 റൺസിന് പുറത്തായി. ഇതോടെ 227 റണ്‍സിന്‍റെ കൂറ്റൻ ജയമാണ് ടീം ഇന്ത്യ നേടിയത്. 34 ഓവറില്‍ ബംഗ്ലാ ടീമിനെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.

ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.മൂന്നാം ഏകദിനത്തില്‍ ഇഷാൻ കിഷന്റെ 210 റണ്‍സ് കരുത്തിലാണ് ഇന്ത്യ 409 എന്ന കൂറ്റൻ സ്കോർ പടുത്തുയര്‍ത്തിയത്. വിരാട് കോലിയുടെ 113 റണ്‍സും കൂറ്റൻ സ്കോറിലേക്കുള്ള യാത്രയിൽ ഇന്ത്യക്ക് തുണയായി.

മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിനായി 50 പന്തില്‍ 43 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്കോറര്‍. നായകന്‍ ലിറ്റണ്‍ ദാസ് 29ലും സഹ ഓപ്പണര്‍ അനാമുല്‍ ഹഖ് എട്ടിലും വിക്കറ്റ് കീപ്പര്‍ മുഷ്‌ഫീഖുര്‍ റഹീം ഏഴിലും യാസിര്‍ അലി 25നും മഹമ്മദുള്ള 20ലും ആഫിഫ് ഹൊസൈന്‍ എട്ടിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് ഹീറോയായിരുന്ന മെഹിദി ഹസന്‍ മിറാസ് മൂന്നിനും എബാദത്ത് ഹൊസൈന്‍ പൂജ്യത്തിലും പുറത്തായി. ടസ്‌കിന്‍ അഹമ്മദ് 17* ഉം മുസ്‌താഫിസൂര്‍ റഹ്‌മാന്‍ 13 ഉം റണ്‍സ് നേടി. ഇന്ത്യക്കായി ഷര്‍ദ്ദുല്‍ മൂന്നും അക്‌സറും ഉമ്രാനും രണ്ട് വീതവും സിറാജും കുല്‍ദീപും വാഷിംഗ്‌ടണും ഓരോ വിക്കറ്റും നേടി.

ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയുടേയും മുന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 400 റണ്‍സ് എടുക്കുന്ന ടീമെന്ന നേട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്തി. ഇരു ടീമുകളും ആറ് തവണ വീതമാണ് ഏകദിനത്തില്‍ 400 നേടിയത്.

ആദ്യ രണ്ട് ഏകദിനങ്ങളില്‍ നേരിട്ട തോല്‍വിക്കുശേഷം ഇറങ്ങിയ ടീം ഇന്ത്യ തുടക്കംമുതൽ അടിച്ചുകളിച്ചു. ഇഷാന്‍ 131 പന്തില്‍ 24 ഫോറും 10 സിക്‌സറും സഹിതം 210 റണ്‍സെടുത്തപ്പോള്‍ കോലി 91 പന്തില്‍ 11 ഫോറും രണ്ട് സിക്‌സറുകളോടെയും 113 റണ്‍സ് അടിച്ചെടുത്തു.

ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇതോടെ ഇഷാന്‍ കിഷന്‍ സ്വന്തം പേരിലാക്കി. വേഗമേറിയ ഏകദിന ഡബിളിന്‍റെ റെക്കോര്‍ഡും ഇഷാന്‍റെ പേരിലായി. 126 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച ഇഷാന്‍ 138 പന്തില്‍ 200 തികച്ച ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് തകര്‍ത്തത്.

27 പന്തില്‍ 37 റണ്‍സെടുത്ത വാഷിംഗ്‌ടണ്‍ സുന്ദറും 17 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും നിര്‍ണായകമായി. ടസ്‌കിന്‍ അഹമ്മദ്, ഇബാദത്ത് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതമെടുത്തു.

ചിറ്റഗോംങ് സഹൂര്‍ അഹമ്മദ് ചൗധരി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിച്ചത്. രണ്ട് മാറ്റങ്ങളും ഇന്ത്യ വരുത്തിയിരുന്നു. രോഹിത്തിന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തി. ആദ്യമായിട്ടാണ് ഇഷാന് പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചത്.

പരിക്കേറ്റ ദീപക് ചാഹറിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. ബംഗ്ലാദേശും രണ്ട് മാറ്റം വരുത്തിയിരുന്നു. നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്ക്ക് പകരം യാസിര്‍ അലി ടീമിലെത്തി. നസും അഹമ്മദും പുറത്തായി. ടസ്‌കിന്‍ അഹമ്മദാണ് പകരക്കാരനായത്.

Tags:    
News Summary - Ind vs Ban 3rd ODI: India crush Bangladesh by 227 runs; hosts win series 2-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.