ബംഗ്ലദേശ് അണ്ടർ 19 ടീമംഗങ്ങൾ വിരാട് കോഹ്ലിയെ കാണാനെത്തിയപ്പോൾ
മിർപുർ (ബംഗ്ലാദേശ്): ആദ്യ കളിയിലെ വിജയത്തിന്റെ ആവേശത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനൊരുങ്ങി ഇന്ത്യ. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്താനുള്ള വഴി കുറച്ചുകൂടി എളുപ്പമാകും.
ഒന്നാം ടെസ്റ്റിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മോശമല്ലാത്ത പ്രകടനമായിരുന്നു ഇന്ത്യയുടേത്. ചേതേശ്വർ പുജാരയും ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും ആർ. അശ്വിനും നന്നായി ബാറ്റ് ചെയ്തു. കുൽദീപ് യാദവിന്റെ ഓൾറൗണ്ട് പ്രകടനവും മുഹമ്മദ് സിറാജിന്റെയും അക്സർ പട്ടേലിന്റെയും ബൗളിങ് മികവും ഇന്ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിലും ആവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ബാറ്റർമാരെ കുഴക്കുന്ന പിച്ചാണ് ശേറെ ബംഗ്ല നാഷനൽ സ്റ്റേഡിയത്തിലേത്. സ്പിന്നർമാർക്കാണ് പിച്ചിൽ പലപ്പോഴും ആധിപത്യം. അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ സാക്കിർ ഹുസൈനാണ് ആതിഥേയരുടെ ബാറ്റിങ്ങിലെ പ്രമുഖൻ. ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ കെ.എൽ. രാഹുലിന് പരിശീലനത്തിനിടെ കൈക്ക് പരിക്കേറ്റിരുന്നു.
കാര്യമായ പരിക്കില്ലെന്നാണ് സൂചന. രാഹുൽ ഫിറ്റല്ലെങ്കിൽ ചേതേശ്വർ പുജാരയാകും താൽക്കാലിക നായകൻ. അഭിമന്യു ഈശ്വരൻ രാഹുലിന് പകരം കളിക്കും. 16 റൺസ് കൂടി നേടിയാൽ പുജാര ടെസ്റ്റിൽ 7000 റൺസ് സ്വന്തമാക്കുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്ററാകും. ആറ് വിക്കറ്റ് കൂടി നേടിയാൽ അക്സർ പട്ടേൽ ഏറ്റവും കുറഞ്ഞ ടെസ്റ്റുകളിൽ 50 വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറാകും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യക്ക് 55.77 പോയന്റ് ശതമാനമാണുള്ളത്. ഗബ്ബ ടെസ്റ്റിൽ ആസ്ട്രേലിയയോട് തോറ്റതോടെ ദക്ഷിണാഫ്രിക്കയുടെ പോയന്റ് ശതമാനം 60ൽ നിന്ന് 54.55ലേക്ക് താഴ്ച്ന്നത് ഇന്ത്യക്ക് ഗുണമായി. ആസ്ട്രേലിയ 76.92 പോയന്റ് ശതമാനവുമായി ഏറെ മുന്നിലാണ്. ബംഗ്ലാദേശിനെതിരായ പരമ്പരക്ക് ശേഷം ഇന്ത്യൻ ടീം ആസ്ട്രേലിയയിലേക്ക് പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.