ഇന്ത്യ ഇറങ്ങുന്നത് അവനില്ലാതെ, ബംഗ്ലാദേശിനിത് പറ്റിയ അവസരം; വാക്പോരുമായി മുൻ ബംഗ്ലാ ഓപ്പണർ

ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. എട്ട് വർഷത്തിന് ശേഷമെത്തുന്ന ചാമ്പ്യൻസ് ട്രോഫി ഇത്തവണ നടക്കുന്നത് പാകിസ്താനിലും ദുബൈയിലുമായാണ്. ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങളെല്ലാം ദുബൈയിൽ വെച്ച് നടക്കും. എട്ട് മുൻനിര ടീമുകൾ അണിനിരക്കുന്ന ടൂർണമെന്‍റിൽ ഇന്ത്യയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബംഗ്ലാദേശ് ഓപ്പണർ ഇംറുൽ കയ്സ്.

20ാം തിയ്യതി വ്യാഴാഴ്ചയാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. ഇത്തവണ ഇന്ത്യയെ വീഴ്ത്താൻ ബംഗ്ലാദേശിന് മികച്ച അവസരമുണ്ടെന്ന് പറയുകയാണ്ൽ കയ്സ്. ഇന്ത്യൻ ബൗളിങ് സൂപ്പർതാരം ജസ്പ്രീത് ബുംറ ടീമിലില്ലാത്തത് കാരണമാണ് ബംഗ്ലാദേശിന് സാധ്യതയെന്നാണ് കയ്സ് വിലിയിരുത്തുന്നുത്.

'മികച്ച ബാറ്റിങ്ങും ബൗളിങ്ങുമായി ഇന്ത്യൻ ടീം മികച്ച സ്ക്വാഡാണ്. എന്നാൽ ജസ്പ്രീത് ബുംറ ടീമിലില്ല. കഴിഞ്ഞ രണ്ട് വർഷം അവൻ എന്താണ് ചെയ്തതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അവന്‍റെ അഭാവം മുതലാക്കാൻ ബംഗ്ലാദേശിന് ഇത് മികച്ച അവസരമാണ്,' കയ്സ് പറഞ്ഞു. ആദ്യം ഇന്ത്യൻ ടീമിൽ ബുംറ അംഗമായിരുന്നു. എന്നാൽ പരിക്കിൽ നിന്നും പൂർണമായും ഭേദമാകാത്തതിനാൽ താരത്തെ മാറ്റി നിർത്തുകയായിരുന്നു. ഈയിടെ ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറ്റം കുറിച്ച ഹർഷിത് റാണയാണ് ബുംറക്ക് പകരം സ്ക്വാഡിലെത്തിയത്.

ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ പേസ് ബൗളർ മുഹമ്മദ് ഷമിയും താളം കണ്ടെത്തിയിട്ടില്ലെന്ന് കയ്സ് നിരീക്ഷിച്ചു. ബം​ഗ്ലാ സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന്‍റെ അഭാവത്തെക്കുറിച്ചും കയ്സ് അഭിപ്രായം രേഖപ്പെടുത്തി. മുന്‍ ക്യാപ്റ്റനുംഓള്‍റൗണ്ടറുമായ ഷാക്കിബിന്‍റെ അഭാവം ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനു തിരിച്ചടിയായെക്കുമെന്നാണ അദ്ദേഹം പറഞ്ഞത്. 

Tags:    
News Summary - Imrul Kayes say Bangladesh can give a fight to India in absence of Jasprit Bumrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.