ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആന്‍റി ക്ലൈമാക്സിലേക്ക്! ദക്ഷിണാഫ്രിക്ക 138ന് പുറത്ത്; രണ്ടാം ഇന്നിങ്സിൽ ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം

ലോർഡ്സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ രണ്ടാം ദിവസവും പേസർമാർ അരങ്ങുവാണപ്പോൾ ഇരുഭാഗത്തും വിക്കറ്റ് വീഴ്ച. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 212 റൺസിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 138 റൺസിന് കൂടാരം കയറി. ആറ് വിക്കറ്റ് വീഴ്ത്തിയ നായകൻ പാറ്റ് കമ്മിൻസിന്റെ പേസാണ് ഓസീസിന് ലീഡ് നേടിക്കൊടുത്തത്.

പ്രതീക്ഷയോടെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസീസും പതറുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഏഴ് വിക്കറ്റിന് 84 റൺസാണ് സ്കോർ. എട്ടു റൺസുമായി അലക്സ് കാരിയും അഞ്ചു റൺസുമായി മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിൽ. 158 റൺസ് മുന്നിലാണിപ്പോൾ കംഗാരുപ്പട. 45 റൺസെടുത്ത ഡേവിഡ് ബെഡിങ്ഹാം ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായി.

നാല് വിക്കറ്റിന് 43 റൺസിൽ രണ്ടാം നാൾ ബാറ്റിങ് പുനരാരംഭിച്ച പ്രോട്ടീസിനെ വേഗം എറിഞ്ഞിട്ട് ആസ്ട്രേലിയ 74 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ വലിയ സ്കോർ നേടി മികച്ച വിജയ ലക്ഷ്യം കുറിക്കാമെന്ന പ്രതീക്ഷയിൽ ബാറ്റിങ് തുടങ്ങിയ ഓസീസിന് പക്ഷേ കാര്യങ്ങൾ ഒട്ടും പന്തിയല്ല. ഉസ്മാൻ ഖാജ-മാർനസ് ലബൂഷേൻ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പത്ത് ഓവർ തികച്ചത് മിച്ചം. 11ാം ഓവറിലെ രണ്ടാം പന്തിൽ ഖാജയെ (6) കാഗിസോ റബാദ വിക്കറ്റ് പിറകിൽ കൈൽ വെറെയ്നെ ഏൽപിച്ചു. സ്കോർ അപ്പോൾ 28. നാലാം പന്തിൽ കാമറൂൺ ഗ്രീനിനെ (0) വിയാൻ മൾഡറും പിടിച്ചു. ചായസമയത്ത് രണ്ടിന് 32. പിന്നാലെ ലബൂഷേനിനെ (22) വെറെയ്ന്റെ ഗ്ലൗസിലെത്തിച്ച് മാർകോ ജാൻസെൻ മറ്റൊരു ആഘാതം സമ്മാനിച്ചു. താമസിയാതെ സ്റ്റീവൻ സ്മിത്ത് (13) ലുൻഗി എൻഗിഡിയുടെ എൽ.ബി.ഡബ്ല്യൂ അപ്പീൽ റിവ്യൂവിൽ കീഴടങ്ങിയതോടെ നാലിന് 48.

വെബ്സ്റ്റർ (11 പന്തിൽ ഒമ്പത്), ട്രാവിസ് ഹെഡ്ഡ് (18 പന്തിൽ ഒമ്പത്), പാറ്റ് കമ്മിൻസ് (അഞ്ച് പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നേരത്തേ, ബെഡിങ്ഹാമും ക്യാപ്റ്റൻ ടെംബ ബാവുമയും അഞ്ചാം വിക്കറ്റിൽ 64 റൺസ് ചേർത്തത് ദക്ഷിണാഫ്രിക്കക്ക് ആശ്വാസമായെങ്കിലും കമ്മിൻസ് നാശംവിതച്ചതോടെ പാടെ തകർന്നു. 36 റൺസെടുത്ത ബാവുമയെ ലബൂഷേനിന്റെ കൈകളിലേക്കയച്ചു കമ്മിൻസ്. 94ൽ അഞ്ചാം വിക്കറ്റ് വീണു. 121ൽ നിൽക്കെ ലഞ്ചിന് പിരിഞ്ഞു. ഇടക്കൊന്ന് മഴയും പെയ്തു.

കളി വീണ്ടും തുടങ്ങിയപ്പോൾ വിക്കറ്റ് മഴയും. 52ാം ഓവറിലെ മൂന്നാം പന്തിൽ കൈൽ വെറെയ്നെ (13) വിക്കറ്റിന് മുന്നിൽ കുരുക്കിയ കമ്മിൻസ് ആറാം പന്തിൽ മാർകോ ജാൻസെനെ (0) റിട്ടേൺ ക്യാച്ചെടുത്തു. 126ലാണ് ആറും ഏഴും വിക്കറ്റുകൾ വീണത്. ബെഡിങ്ഹാമിനെ (45) അലക്സ് കാരിയുടെ ഗ്ലൗസിലേക്കയച്ച് പ്രോട്ടീസിന്റെ അവശേഷിച്ച പ്രതീക്ഷയും തല്ലിക്കെടുത്തി കമ്മിൻസ്. കേശവ് മഹാരാജിനെ (7) ട്രാവിസ് ഹെഡും കാരിയും ചേർന്ന് റണ്ണൗട്ടാക്കി. കാഗിസോ റബാദയെ (1) കമ്മിൻസിന്റെതന്നെ പന്തിൽ വെബ്സ്റ്റർ പിടിച്ചതോടെ ദക്ഷിണാഫ്രിക്ക ഓൾ ഔട്ട്.

Tags:    
News Summary - ICC World Test Championship: Australia vs South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.