'അദ്ദേഹം എവിടെയുമുണ്ട്, വെള്ളക്കുപ്പിയിൽ പോലുമുണ്ട്'; ധോണിയെ കുറിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി കോഹ്ലി
കളിക്കളത്തിനകത്തും പുറത്തും ഒരുപോലെ സുഹൃത്തുക്കളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻമാരായ എം.എസ്. ധോണിയും വിരാട് കോഹ്ലിയും. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടുകൾ നിരവധി മത്സരങ്ങളിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിപണിമൂല്യമുള്ള രണ്ട് താരങ്ങളാണ് ഇരുവരും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണിയുടെ ജനപ്രീതിക്കും താരമൂല്യത്തിനും ഒട്ടും കുറവു വന്നിട്ടില്ല.
ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് കോഹ്ലി നിരവധി തവണ പറഞ്ഞിട്ടുണ്ട്. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചപ്പോൾ തന്നെ ധോണി വിളിച്ച കാര്യം ഏഷ്യാകപ്പിനിടെ കോഹ്ലി പറഞ്ഞിരുന്നു. ധോണിയുടെ ജന്മദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായും കോഹ്ലി എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ധോണിയെ കുറിച്ച് വിരാട് കോഹ്ലി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായത്. ധോണിയുടെ ചിത്രമുള്ള വെള്ളക്കുപ്പിയുടെ ഫോട്ടോയാണ് കോഹ്ലി പങ്കുവെച്ചത്. 'അദ്ദേഹം എല്ലായിടത്തുമുണ്ട്. വെള്ളക്കുപ്പിയിൽ പോലും' എന്നായിരുന്നു കാപ്ഷൻ നൽകിയത്.
ധോണി ക്യാപ്റ്റനായും വിരാട് കോഹ്ലി വൈസ് ക്യാപ്റ്റനായും നിരവധി മത്സരങ്ങൾ ഇന്ത്യ മികവുകാട്ടിയിരുന്നു. 'ധോണിയുടെ കീഴിൽ കളിക്കുകയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരവും ആവേശകരവുമായ കാലം' -ധോണിയുടെ പിറന്നാളിൽ കോഹ്ലി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.