‘ഞാൻ അടുത്ത നായകനാകുമെന്ന് അദ്ദേഹം പറഞ്ഞു, പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല’; വെളിപ്പെടുത്തലുമായി സെവാഗ്

ബാറ്റിങ് റെക്കോഡുകൾ ഓരോന്നായി മറികടക്കുമ്പോഴും ഇന്ത്യൻ ടീമിന്‍റെ സ്ഥിരം നായക പദവിയിലെത്താൻ സൂപ്പർ ബാറ്റർ വിരേന്ദർ സെവാഗിനായിട്ടില്ല. 2003 മുതൽ 2012 വരെ 12 മത്സരങ്ങളിൽ മാത്രമാണ് സെവാഗ് ടീമിനെ നയിച്ചത്. സ്ഥിരം നായകന്മാരുടെ അഭാവത്തിൽ ടീമിനെ നയിക്കാനുള്ള നിയോഗമായിരുന്നു അതെല്ലാം.

2005ൽ ഗ്രെഗ് ചാപ്പൽ ഇന്ത്യയുടെ പരിശീലകനായിരിക്കുന്ന സമയത്ത് സെവാഗിന് ടീമിന്‍റെ നായക പദവിയിലെത്താനുള്ള സുവർണാവസരം തുറന്നിരുന്നു. അന്ന് നായകനായിരുന്ന സൗരവ് ഗാംഗുലി സമ്മർദത്തെ തുടർന്ന് പദവിയിൽനിന്ന് ഒഴിഞ്ഞതോടെയാണ് ഒഴിവുവന്നത്. എന്നാൽ, ഒടുവിൽ രാഹുൽ ദ്രാവിഡിനാണ് നറുക്ക് വീണത്.

2007ൽ ദ്രാവിഡ് നായക സ്ഥാനം ഒഴിഞ്ഞെങ്കിലും എം.എസ്. ധോണി അദ്ദേഹത്തിന്‍റെ പിൻഗാമിയായി. സെവാഗ് ഉപനായകനും. ‘ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഉടനെ ഗ്രെഗ് ചാപ്പൽ പറഞ്ഞത്, സെവാഗ് ടീമിന്‍റെ അടുത്ത ക്യാപ്റ്റനാകുമെന്നായിരുന്നു. രണ്ടു മാസത്തിനിടെ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പിന്നീട് ടീമിൽനിന്ന് പുറത്തായി’ -സെവാഗ് വെളിപ്പെടുത്തി.

ഇന്ത്യൻ ടീമിനെ നിയന്ത്രിക്കാൻ കഴിയുന്ന മികച്ച പരിശീലകർ നമ്മുടെ രാജ്യത്ത് ഉണ്ടെന്നാണ് താൻ എപ്പോഴും വിശ്വസിക്കുന്നത്, അതിനാൽ വിദേശ പരിശീലകരുടെ ആവശ്യമില്ല. താൻ കളിക്കുന്ന സമയത്തും ഈ ചോദ്യം മുതിർന്ന താരങ്ങളോട് പലതവണ ചോദിച്ചിരുന്നു. ജോൺ റൈറ്റിനുശേഷം എന്തിനാണ് നമുക്കൊരു വിദേശ പരിശീലനകനെന്ന്?. ഇന്ത്യൻ പരിശീലകർ ചില സമയങ്ങളിൽ കളിക്കാരോട് പക്ഷപാതം കാണിക്കുന്നു, ചിലർ പ്രിയപ്പെട്ടവരായി മാറുന്നു, അല്ലാത്തവരെ തഴയുന്നു -ഇന്ത്യൻ പരിശീലകർക്കൊപ്പം ധാരാളം സമയം ചെലവഴിച്ച ഇവരെല്ലാം പറഞ്ഞ മറുപടിയായിരുന്നു ഇത്.

ഒരു വിദേശ പരിശീലകൻ വന്നാൽ കാര്യങ്ങൾ വ്യത്യസ്തമാകും. എന്നാൽ സത്യം പറഞ്ഞാൽ, അതുകൊണ്ട് മാറ്റമൊന്നുമുണ്ടായില്ല. ഒരു വിദേശ പരിശീലകന് പോലും സചിൻ, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മൺ എന്നിവരോട് ഇടപഴകുമ്പോൾ വലിയ സമ്മർദം അനുഭവിച്ചിരുന്നതായും സെവാഗ് വ്യക്തമാക്കി.

Tags:    
News Summary - He came and said I'll be the next captain -Sehwag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.