‘ക്രിക്കറ്റ് എല്ലാവരുടെയും കളിയാണ്’; ലോകകപ്പ് ട്രോഫിയുമായി ഉറങ്ങുന്ന ഹർമൻപ്രീത്, ആരാധക ഹൃദയം കീഴടക്കി ചിത്രവും വരികളും

മുംബൈ: വനിത ഏകദിന ലോകകപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ ട്രോഫിയുമായി കിടന്നുറങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ ചിത്രം ആരാധക ഹൃദയം കീഴടക്കുകയാണ്. ചിത്രത്തിൽ ഹർമൻപ്രീത് ധരിച്ചിരിക്കുന്ന ടീ ഷർട്ടിന്‍റെ പുറകിൽ ആലേഖനം ചെയ്ത വരികളാണ് ഏറ്റവും ശ്രദ്ധേയം.

‘ക്രിക്കറ്റ് എല്ലാവരുടെയും കളിയാണ്’ എന്ന സന്ദേശമുള്ള ഒരു ടീ -ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. ക്രിക്കറ്റ് ‘പുരുഷന്മാരുടെ മാത്രം’ കളിയെന്നത് വെട്ടിക്കൊണ്ടാണ് ‘എല്ലാവരുടേയും കളിയെന്ന്’ എഴുതിയിരിക്കുന്നത്. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് വൈറലാകുകയും രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിക്കുകയും ചെയ്തു. ‘ചില സ്വപ്നങ്ങൾ നൂറു കോടി ജനങ്ങൾ പങ്കുവെക്കുന്നു. അതുകൊണ്ടാണ് ക്രിക്കറ്റ് എല്ലാവരുടെയും കളിയാകുന്നത്’ എന്ന കുറിപ്പും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചരിത്രത്തിലാദ്യമായി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഹർമൻപ്രീത് കൗറിനും സംഘത്തിനും അഭിനന്ദനപ്രവാഹമാണ്. ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾക്കു പുറമെ, ലോക കിരീടം നേടുന്ന നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 52 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ പുതു അധ്യായം തുറന്നത്.

ഹർമൻപ്രീതിനെ അഭിനന്ദിച്ചും പ്രസംശിച്ചും നിരവധി പേരാണ് പോസ്റ്റിനു താഴെ പ്രതികരിച്ചിരിക്കുന്നത്. ഇനി മുതൽ വനിതകൾ ക്രിക്കറ്റിൽ വെറുതെ മത്സരിക്കുന്നവർ മാത്രമല്ല, ചരിത്രം തിരുത്തിയെഴുതിയ ചാമ്പ്യന്മാർ കൂടിയാണെന്ന് നിരവധി പേർ പ്രതികരിച്ചു. ഏറെ കാത്തിരുന്ന ചിത്രം. സെമിയിലും ഫൈനലിലും മികച്ച തിരിച്ചുവരവ് നടത്തുകയും ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്ത തങ്ങളുടെ വനിത ടീമിനെ ഓർത്ത് ഏറെ അഭിമാനിക്കുന്നതായി ഒരു ആരാധകൻ കുറിച്ചു.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകകപ്പ് നേടിയ ടീമിന് ഔദ്യോഗിക വസതിയിൽ വിരുന്നൊരുക്കുന്നുണ്ട് നിലവിൽ മുംബൈയിലുള്ള ഇന്ത്യൻ ടീം ചൊവ്വാഴ്ച വൈകീട്ട് മോദിയെ കാണാനായി ഡൽഹിയിലേക്ക് യാത്ര തിരിക്കും. ബുധനാഴ്ച മോദിയുടെ വിരുന്നിൽ പങ്കെടുത്തശേഷം താരങ്ങൾ നാടുകളിലേക്ക് മടങ്ങിപോകും.

ബി.സി.സി.ഐ ഇതുവരെ ആഘോഷ പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. എന്നാൽ, ജയിച്ച ടീമിന് 51 കോടി രൂപ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.സി.സി സമ്മാനത്തുകയായി 39 കോടി നൽകും. ഇതോടെ സ്മൃതി മന്ദാനയും ഹർമൻ പ്രീതും ഉൾപ്പെടുന്ന സംഘത്തിന് ആകെ 90 കോടി പാരിതോഷികം. ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയാണ് 51 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ചത്. രാജ്യത്ത് വനിതാ ക്രിക്കറ്റിന് ലഭിച്ച സ്വീകര്യതയുടെ തെളിവാണ് ലോകകപ്പിലെ ഇന്ത്യയുടെ കിരീട വിജയമെന്ന് അദ്ദേഹം പറഞ്ഞു. ടീം അംഗങ്ങൾ, കോച്ച്, സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ സംഘത്തിനായാണ് സമ്മാന തുക പ്രഖ്യാപിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഒരു വനിതാ ടീമിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇതോടെ ഇന്ത്യൻ വനിതകളെ തേടിയെത്തുന്നത്.

Tags:    
News Summary - Harmanpreet Kaur's pic with World Cup trophy wins hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.