‘ഹാർദിക് സന്തോഷവാനാണെന്ന് കാണിക്കാൻ ചിരിച്ച് അഭിനയിക്കുന്നു, ആരാധക രോഷം തടയണം’; മുന്നറിയിപ്പുമായി പീറ്റേഴ്സൺ

മുംബൈ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 20 റൺസിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാർദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവം. ഹാർദിക് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ സന്തോഷവാനാണെന്ന് കാണിക്കാൻ വല്ലാതെ ചിരിച്ച് അഭിനയിക്കുകയാണെന്നും അങ്ങനെയല്ലെന്ന് അവനെ കണ്ടാല്‍ മനസ്സിലാവുമെന്നും മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ പറഞ്ഞു. കാണികളുടെ മോശം പെരുമാറ്റം തുടരുന്നിടത്തോളം അത് അവന്റെ പ്രകടനത്തെ ബാധിക്കുമെന്നുറപ്പാണെന്നും അത് തടയാന്‍ എന്തെങ്കിലും ചെയ്തേ പറ്റൂവെന്നും അദ്ദേഹം സ്റ്റാർ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ കൂട്ടിച്ചേർത്തു.

ഗ്രൗണ്ടില്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഹാർദിക് ശരിക്കും പരാജയമായിരുന്നു. ടീം മീറ്റിങ്ങിലെ ‘പ്ലാന്‍ എ’യുമായാണ് അവൻ ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍, പേസര്‍മാര്‍ക്കെതിരെ ചെന്നൈ ബാറ്റര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ സ്പിന്നര്‍മാരെ കൊണ്ട് പന്തെറിയിപ്പിക്കാനുള്ള ‘പ്ലാന്‍ ബി’ പോലും നടപ്പാക്കിയില്ല. കമന്‍ററിക്കിടെ വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഗ്രൗണ്ടിന് പുറത്തുള്ള ആരാധകരോഷം ഹാർദിക്കിനെ ശരിക്കും ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. അത് ഉടൻ പരിഹരിച്ചില്ലെങ്കില്‍ മുംബൈക്ക് കനത്ത തിരിച്ചടിയാകും. ഹാർദിക് ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ വല്ലാതെ ചിരിച്ച് അഭിനയിക്കുകയാണ്. ടോസ് സമയത്തെല്ലാം ഇത് കാണാമായിരുന്നു. സന്തോഷവനാണെന്ന് പുറമെ കാണിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. അവൻ ഒട്ടും സന്തോഷവാനല്ലെന്ന് കണ്ടാല്‍ മനസ്സിലാവും. ഞാനും ഇതേ രോഷം അനുഭവിച്ചിട്ടുണ്ട്. ഈ അവസ്ഥയില്‍ ഒരിക്കലും സന്തോഷത്തോടെ ഇരിക്കാനാവില്ല. അത് തീർച്ചയായും നമ്മെ ബാധിക്കുമെന്നും പീറ്റേഴ്സൺ പറഞ്ഞു.

2024 ഹാര്‍ദിക്കിനെ ധോണി തുടര്‍ച്ചയായി സിക്സറുകള്‍ പറത്തുമ്പോള്‍ ആരാധകര്‍ വല്ലാതെ സന്തോഷിക്കുകയാണ്. അത് അവനെ വേദനിപ്പിക്കുന്നുണ്ട്. അവനൊരു ഇന്ത്യന്‍ താരമാണ്, അവനും വികാരങ്ങളുണ്ട്. അവനോട് ഒരിക്കലും ഈ രീതിയില്‍ പെരുമാറരുത്. കാണികളുടെ മോശം പെരുമാറ്റം തുടരുന്നിടത്തോളം അത് അവന്റെ പ്രകടനത്തെ ബാധിക്കും. അത് തടയാന്‍ എന്തെങ്കിലും ചെയ്തേ പറ്റൂവെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

അഞ്ചുതവണ മുംബൈ ഇന്ത്യൻസിനെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമയെ മാറ്റി ഗുജറാത്ത് ടൈറ്റൻസിൽനിന്ന് കൊണ്ടുവന്ന ഹാർദിക് പാണ്ഡ്യ​ക്ക് നായകസ്ഥാനം നൽകിയതോടെയാണ് ആരാധക രോഷം ഉയർന്നത്. മുംബൈയുടെ ഓരോ മത്സരത്തിലും കാണികൾ ഹാർദിക്കിനെ പരിഹസിക്കുന്ന സ്ഥിതിയുണ്ടായി. സമൂഹ മാധ്യമങ്ങളിലും രൂക്ഷമായ ആക്രമണമുണ്ടായി. ഇത് താരത്തിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് മുൻ താരങ്ങളടക്കം അഭിപ്രായപ്പെടുന്നത്.   

Tags:    
News Summary - 'Hardik smiles and pretends to be happy, fan rage should be curbed'; Pietersen with a warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.