മുംബൈ: ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ടു റൺസിനാണ് ഇന്ത്യ ജയിച്ചത്. അവസാന ഓവറിൽ സന്ദർശകർക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസായിരുന്നു, കൈയിലുള്ളത് രണ്ടു വിക്കറ്റും. എന്നാൽ, നായകൻ ഹാർദിക് പാണ്ഡ്യ അക്സർ പട്ടേലിനെ പന്തേൽപ്പിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി.
മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ ഹാര്‍ദിക്കിന് ഒരു ഓവർ കൂടി ബാക്കിയുണ്ടായിരുന്നു. രണ്ട് ഓവറില്‍ 21 റണ്‍സ് വഴങ്ങിയ അക്സറിനാണ് പാണ്ഡ്യ പന്ത് കൈമാറിയത്. അക്സറിന്‍റെ ആദ്യ പന്ത് വൈഡായി. അടുത്ത പന്തിൽ ഒരു റൺ. രണ്ടാം പന്തിൽ റണ്ണെടുക്കാനായില്ല. മൂന്നാം പന്ത് ചാമിക കരുണരത്നെ സിക്സ് പറത്തിയതോടെ ഇന്ത്യ കളി കൈവിട്ടെന്ന് ഏവരും ഉറപ്പിച്ചു.
മൂന്നു പന്തു ശേഷിക്കെ വേണ്ടത് അഞ്ചു റൺസ് മാത്രം. നാലാം പന്ത് ഡോട്ട് ബോൾ. അഞ്ചാം പന്തിൽ ഡബിളിനായി ഓടിയ കസുൻ രജിത റണ്ണൗട്ടായി, ലഭിച്ചത് ഒരു റൺ. അവസാന പന്തിൽ വിജയലക്ഷ്യമായ നാലു റൺസിനായി കരുണരത്നെ ആഞ്ഞുവീശിയെങ്കിലും ബാറ്റിൽ പന്ത് ശരിക്കും കൊണ്ടില്ല. രണ്ടാം റണ്ണിനായി ഓടിയ ദിൽഷൻ മധുശങ്ക റണ്ണൗട്ട്. ശ്രീലങ്ക 160ന് ഓൾഔട്ട്. ഇന്ത്യക്ക് രണ്ടു റൺസ് ജയം.
അവസാന ഓവര്‍ അക്സറിനെക്കൊണ്ട് എറിയിച്ചത് എന്തിനാണെന്ന ചോദ്യത്തിന് ഹാര്‍ദിക് മത്സരശേഷം നല്‍കിയ മറുപടിയായിരുന്നു ശ്രദ്ധേയം. ‘ഈ തീരുമാനം കൊണ്ട് ചിലപ്പോൾ നമ്മൾ ഒരു മത്സരം തോറ്റേക്കാം, പക്ഷേ കുഴപ്പമില്ല. എന്നാൽ ഇത്തരം വിഷമഘട്ടത്തിലൂടെ കടന്നുപോയാലെ ടീമിന് വലിയ സമ്മർദഘട്ടങ്ങൾ മറികടക്കാനാകു. ദ്വിരാഷ്ട്ര പരമ്പരകളില്‍ നമ്മളെപ്പോഴും മികവ് കാട്ടാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാമെന്ന് വിചാരിച്ചു’ -ഹാര്‍ദിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.