ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിങ്. സഞ്ജുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സങ്കടമുണ്ടെന്നും താരം എങ്ങനെയാണ് ഈ സാഹചര്യം അതിജീവിക്കുന്നതെന്ന് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. 'സത്യം പറഞ്ഞാല്‍ സഞ്ജുവിനെ കുറിച്ച് ഓർത്ത് എനിക്ക് സങ്കടമുണ്ട്. എത്ര റൺസ് നേടിയാലും അവനെ ഒഴിവാക്കും. ചാമ്പ്യൻസ് ട്രോഫി ടീമില്‍ 15 പേരെ മാത്രമേ പരമാവധി ഉള്‍പ്പെടുത്താനാവൂ എന്ന് എനിക്കറിയാം. പക്ഷേ, സഞ്ജുവിന്‍റെ കളിശൈലിക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ഫോര്‍മാറ്റ് ഏകദിനമാണ്. മധ്യനിരയിൽ റൺ കുറയുമ്പോൾ ആശ്രയിക്കാവുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് സഞ്ജു.
ഏകദിന ഫോര്‍മാറ്റില്‍ അവന് 55 റൺസിന്‍റെ ബാറ്റിങ് ശരാശരിയുമുണ്ട്. അവസാന ഏകദിനത്തിൽ സെഞ്ച്വറിയുണ്ട്, അവസാനം കളിച്ച ടി 20 പരമ്പരകളിലും ഇപ്പോൾ കളിക്കുന്ന പരമ്പരയിലും താരം മിന്നുന്ന ഫോമിൽ തന്നെ. എന്നിട്ടും രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും അവനെ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാത്തത് മോശമാണ്. അവനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരുടെ സ്ഥാനത്ത് എന്നതാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. സ്പെഷ്യലിസ്റ്റ് കീപ്പറായി അല്ലാതെ ടീമിൽ ഉൾപ്പെടുത്തിയാൽ എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസിലാകുന്നില്ല,' ഹർഭജൻ പറഞ്ഞു.
ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, എന്നിവരാണ് വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയത്. സഞ്ജുവിനെ ഉൾപ്പെടുത്താതിൽ ഇന്ത്യൻ ടീമിനെതിരെയും സെലക്ടർമാർക്കെതിരെയും ഒരുപട് പേർ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. നിലവിൽ ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്‍റി-20 പരമ്പരയിൽ കളിക്കുകയാണ് സഞ്ജു. ആദ്യ ഏകദിനത്തിൽ 20 പന്തിൽ നിന്നും 26 റൺസ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ട്വന്‍റി-20 മത്സരം ഇന്നാണ്. ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.