മുംബൈ: 2008ലെ ഐ.പി.എല്ലിനിടെ അന്നത്തെ പഞ്ചാബ് താരം എസ്. ശ്രീശാന്തിനെ ഹർഭജൻ സിങ് മുഖത്തടിക്കുന്ന ദൃശ്യങ്ങൾ അടുത്തിടെയാണ് ആസ്ട്രേലിയൻ മുൻ താരം മൈക്കൽ ക്ലാർക്ക് പുറത്തുവിട്ടത്. ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദിയുമായി ബിയോണ്ട് 23 എന്ന ക്രിക്കറ്റ് പോഡ്കാസ്റ്റിനിടെയാണ് ക്ലാർക്ക് വിഡിയോ പുറത്തുവിട്ടത്. ക്ലാർക്കിന്‍റെ നടപടിയിൽ താൻ അസന്തുഷ്ടനാണെന്നും വിഡിയോ പുറത്തുവിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും പറയുകയാണ് ഹർഭജൻ.
“ആ വിഡിയോ പുറത്തുവിടേണ്ട ആവശ്യമെന്തായിരുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല. അതിനു പിന്നിലെ ചേതോവികാരം എനിക്ക് പിടികിട്ടുന്നില്ല. പുറത്തുവരാതിരിക്കുന്നതായിരുന്നു നല്ലതെന്ന് ഞാൻ കരുതുന്നു. ചിലപ്പോൾ മദ്യലഹരിയിലാകാം അദ്ദേഹം ആ വിഡിയോ പുറത്തുവിട്ടത്. അദ്ദേഹത്തിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു. ഓരോരുത്തരും ചിന്തിക്കുന്നത് വ്യത്യസ്തമായാണ്. അന്ന് സംഭവിച്ചത് തെറ്റാണ്, ഞാനതിൽ മാപ്പ് പറഞ്ഞിരുന്നു. എനിക്കും ശ്രീശാന്തിനുമിടയിൽ അന്ന് നടക്കാൻ പാടില്ലാത്തത് സംഭവിച്ചു. കായികതാരമെന്ന നിലയിൽ ഞാൻ ചെയ്തത് ശരിയല്ല.
തെറ്റിൽനിന്നാണ് പലതും തിരിച്ചറിയുന്നത്. എനിക്കും അത്തരത്തിൽ തിരിച്ചറിവുണ്ടായി. വിഡിയോ വീണ്ടും പുറത്തുവന്നത് തികച്ചും അനുചിതമായി. ആരു അത്തരത്തിൽ ചെയ്യരുതെന്നാണ് ഞാൻ കരുതുന്നത്. ചിലപ്പോൾ ക്ലാർക്കിനെന്തെങ്കിലും സ്വർഥ കാര്യമുണ്ടാകാം. എത്രയോ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ആളുകൾ മറന്നിരിക്കെ വീണ്ടും എന്തിന് ചർച്ചയാക്കണം. കൂടെ കളിച്ച എല്ലാവരിലും അതിന്‍റെ ഓർമകൾ വീണ്ടും വരും. തെറ്റ് സംഭവിച്ചു, അതിൽ പിന്നീടെനിക്ക് നാണക്കേട് തോന്നുകയും ചെയ്തു” -ഹർഭജൻ സിങ് പറഞ്ഞു.
നേരത്തെ ക്ലാർക്കിനെയും ലളിത് മോദിയെയും വിമർശിച്ച് ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരിയും രംഗത്ത് വന്നിരുന്നു. ‘പബ്ലിസിറ്റിയും വ്യൂവും കൂട്ടാനായി 200ലെ ഒരു സംഭവം വീണ്ടുമെടുത്ത് പ്രചരിപ്പിച്ചത് ശരിയായില്ല. ശ്രീശാന്തും ഹർഭജനും എപ്പോഴോ വിട്ട കാര്യങ്ങളാണവ. അവർ ഇപ്പോൾ കുടുംബത്തോടൊപ്പം കഴിയുകയാണ്. അതിനിടെ വീണ്ടും പഴയ കാര്യങ്ങൾ കാണിച്ച് വേദനിപ്പിക്കുന്നത് ശരിയല്ല. തികച്ചും അറപ്പുളവാക്കുന്നതും ഹൃദശൂന്യവും മനുഷ്യത്വരഹിതവുമായ സമീപനമാണിത്’ -ഭുവനേശ്വരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.