ചാമ്പ്യൻസ് ട്രോഫിയിലെ മറ്റൊരു ആവേശകരമായ പോരാട്ടമായിരിക്കും ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം. വമ്പൻ ശക്തികൾ പോരാടിക്കുന്ന മത്സരത്തിൽ ആസ്ട്രേലിയൻ ബാറ്റിങ്ങും ദക്ഷിണാഫ്രിക്കൻ ബൗളിങ്ങും തമ്മിലായിരിക്കും മത്സരം എന്നാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര വിലയിരുത്തുന്നത്. ആസ്ട്രേലിയൻ ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡും ദക്ഷിണാഫ്രിക്കയുടെ എക്സ്പ്രസ് പേസ് ബൗളർ കഗീസോ റബാഡയും തമ്മിലുള്ള പോരാട്ടം വളരെ നിർണായകമാണെന്നും ചോപ്ര പറയുന്നു.
'ഓസ്ട്രേലിയയുടെ ബാറ്റിങ് ശക്തി ദക്ഷിണാഫ്രിക്കയുടെ ശക്തമായ ബൗളിങ്ങിനെതിരെ മത്സരിക്കും. ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ദക്ഷിണാഫ്രിക്കയുടെ ബൗളിങ്ങിന് കുറച്ചുകൂടി സാധ്യതകളുണ്ട്. ആദ്യ മത്സരത്തിൽ ട്രാവിസ് ഹെഡ് പരാജയപ്പെട്ടു കൂടെ സ്റ്റീവ് സ്മിത്തും, പക്ഷേ ആസ്ട്രേലിയ 350 റൺസ് എളുപ്പത്തിൽ പിന്തുടർന്നു.
അങ്ങനെ നോക്കിയാൽ ആസ്ട്രേലിയൻ ബാറ്റിങ്ങിന്‍റെ ശക്തി വ്യക്തമാകും. ഇത്തവണ ശ്രദ്ധ ട്രാവിസ് ഹെഡിലായിരിക്കും. ട്രാവിസ് ഹെഡും കഗീസോ റബാഡയും തമ്മിലുള്ള പോരാട്ടം മികച്ച മത്സരമായിരിക്കും. ജോഫ്രയോട് (ആർച്ചർ) അദ്ദേഹം ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു, പക്ഷേ എത്ര നേരം നിങ്ങൾ നിങ്ങളുടെ 'ഹെഡി'നെ അടക്കി ഇരുത്തും? ഹെഡ് ഒരു തലവേദനയായി മാറും,' തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ചോപ്ര പറഞ്ഞു.
ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയാണ് ഇരുടീമുകളും എത്തുന്നത്. ആസ്ട്രേലിയ ശക്തരായ ഇംഗ്ലണ്ടിനെ തകർത്തപ്പോൾ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാണ് രണ്ടാം മത്സരത്തിലെത്തുന്നത്. ഇന്ന് വിജയിക്കുന്ന ടീമിന് സെമിഫൈനൽ ഉറപ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.