ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ടീമിനെതിരെ പ്രക്ഷോഭം പ്രകടിപ്പിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം മുഷ്താഖ് മുഹമ്മദ്. ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാകിസ്താനിൽ വരാത്തതിനാണ് താരം പ്രതിഷേധം അറിയിച്ചത്. പാകിസ്താൻ ടീം ഇന്ത്യയിലേക്ക് യാതൊരുവിധ മടിയുമില്ലാതെ യാത്ര ചെയ്യുമെന്നും എന്നാൽ ഇന്ത്യക്ക് അത് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞു.
'ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിൽ വരണമായിരുന്നു. ക്രിക്കറ്റ് ലോകം മുഴുവനായും അത് ആഗ്രഹിച്ചിരുന്നു. എനിക്ക് അറിയില്ല എന്താണ് അവരുടെ പ്രശ്നമെന്ന്. ഞങ്ങൾ മികച്ച രീതിയിലാണ് അതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഞങ്ങൾ ഇക്കാര്യത്തിൽ മികച്ചുനിൽക്കുന്നുണ്ട്. പാകിസ്താൻ ചോദ്യങ്ങളൊന്നുമുയർത്താതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ തയ്യാറാണ്. എന്നാൽ ഇന്ത്യക്ക് പാകിസ്താനിലേക്ക് വരേണ്ട അവസ്ഥയിൽ എത്തുമ്പോൾ അവർ എന്തെങ്കിലും ന്യായവുമായി വന്ന് അത് ഒഴിവാക്കും,' മുഷ്താഖ് പറഞ്ഞു.
1996 ഏകദിന ലോകകപ്പിന് ശേഷം പാകിസ്താൻ ആദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്‍റ് ഹോസ്റ്റ് ചെയ്യുന്നത്. 2009 മുതൽ 2019 ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവും പാകിസ്താനിൽ വെച്ച് നടന്നിട്ടില്ലായിരുന്നു. ശ്രീലങ്കൻ താരങ്ങൾക്കെതിരെ നടന്ന ആക്രമണത്തിന് ശേഷമായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആസ്ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങൾ പാകിസ്താനിൽ കളിക്കാനെത്തിയിരുന്നു. എന്നാൽ ബി.സി.സി.ഐയും ഇന്ത്യൻ സർക്കാരും താരങ്ങളുടെ സുരക്ഷ ഭയന്ന് പാകിസ്താനിലേക്ക് പോകാൻ കൂട്ടാക്കറില്ല.
ചാമ്പ്യൻസ് ട്രോഫി ആദ്യ മത്സരം ഇന്ന് (ഫെബ്രുവരി 19) ആരംഭിക്കും. ആദ്യ മത്സരത്തിൽ പാകിസ്താൻ ന്യൂസിലാൻഡിനെ നേരിടും. കറാച്ചിയിലെ നാഷണൽ ബാങ്ക് സ്റ്റേഡിയത്തിൽ ഉച്ച കഴിഞ്ഞ് 2.30ന് മത്സരം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.