മില്ലറും സുദർശനും നയിച്ചു; ഹൈദരാബാദിനെതിരെ ഗുജറാത്തിന് അനായാസ ജയം

അഹ്മദാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ അനായാസ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് മുന്നോട്ടുവെച്ച 163 റൺസ് വിജയലക്ഷ്യം അഞ്ച് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ഗുജറാത്ത് മറികടക്കുകയായിരുന്നു. ആതിഥേയർക്കായി ബാറ്റെടുത്തവരെല്ലാം തിളങ്ങിയ മത്സരത്തിൽ 36 പന്തിൽ ഒരു സിക്സും നാല് ഫോറുമടക്കം 45 റൺസെടുത്ത സായ് സുദർശനാണ് ടോപ് സ്കോറർ.

ഗുജറാത്തിനായി ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. സ്കോർ ബോർഡിൽ 4.1 ഓവറിൽ 36 റൺസ് ചേർത്ത കൂട്ടുകെട്ട് പിരിച്ചത് ഷഹ്ബാസ് അഹ്മദാണ്. 13 പന്തിൽ 25 റൺസെടുത്ത വൃദ്ധിമാൻ സാഹയെ ഷഹ്ബാസ് പാറ്റ് കമ്മിൻസിന്റെ കൈയിലെത്തിക്കുകയായിരുന്നു. എന്നാൽ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം സായ് സുദർശൻ ചേർന്നതോടെ ഗുജറാത്ത് ഭീഷണികളില്ലാതെ ലക്ഷ്യത്തിലേക്ക് നീങ്ങി.

ഇതിനിടെ, 28 പന്തിൽ 36 റൺസെടുത്ത ഗില്ലിനെ മായങ്ക് മാർകണ്ഡെ അബ്ദുൽ സമദിന്റെയും സായ് സുദർശനെ കമ്മിൻസ് അഭിഷേക് ശർമയുടെയും കൈയിലെത്തിച്ചതോടെ സ്കോർ മൂന്നിന് 138 എന്ന നിലയിലായി. നാലാമനായെത്തിയ ഡേവിഡ് മില്ലറും (27 പന്തിൽ പുറത്താകാതെ 44), അഞ്ചാമനായെത്തിയ വിജയ് ശങ്കറും (11 പന്തിൽ പുറത്താകാതെ 14) ചേർന്ന് കൂടുതൽ നഷ്ടങ്ങളി​ല്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു.

കഴിഞ്ഞ മത്സരത്തിൽ മുംബൈ ​ഇന്ത്യൻസിനെതിരെ റെക്കോഡ് സ്കോർ പടുത്തുയർത്തിയ ഹൈദരാബാദ് സൺറൈസേഴ്സിനെ ഗുജറാത്ത് ബൗളർമാർ 162 റൺസിൽ തളക്കുകയായിരുന്നു. ഹൈദരാബാദിന്റെ എട്ട് വിക്കറ്റുകൾ എറിഞ്ഞുവീഴ്ത്തിയ ഗുജറാത്ത് ബൗളർമാർ ഒരു ബാറ്ററെയും മികച്ച സ്കോർ നേടാൻ അനുവദിച്ചില്ല. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മോഹിത് ശർമയാണ് ഗുജറാത്ത് നിരയിൽ മികച്ചുനിന്നത്. 14 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 29 റൺസെടുത്ത അബ്ദുൽ സമദും 20 പന്തിൽ രണ്ട് സിക്സും അത്രയും ഫോറുമടക്കം 29 റൺസെടുത്ത അഭിഷേക് ശർമയുടെമാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർമാർ.

നായകൻ ട്രാവിസ് ഹെഡ് (19), മായങ്ക് അഗർവാൾ (16)​ എയ്ഡൻ മർക്രാം (17), ഹെന്റിച്ച് ക്ലാസൻ (24), ഷഹബാസ് അഹ്മദ് (22), വാഷിങ്ടൺ സുന്ദർ (0), പാറ്റ് കമ്മിൻസ് (പുറത്താകാതെ 2) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന. ഗുജറാത്തിനായി മൂന്ന് പേരെ മടക്കിയ മോഹിത് ശർമക്ക് പുറമെ അസ്മതുല്ല ഒമർസായ്, ഉമേഷ് യാദവ്, റാഷിദ് ഖാൻ, നൂർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് നേടി.

Tags:    
News Summary - Everyone who took the bat shone; Easy win for Gujarat against Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.