‘ഐ.പി.എല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ ഇംഗ്ലണ്ടിൽ നടത്താം’; ഓഫർ മുന്നോട്ടുവച്ച് ഇ.സി.ബി

മുംബൈ: ഇന്ത്യ -പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചത്തേക്ക് മാറ്റിവച്ച ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആൻഡ് വെയ്‍ൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) രംഗത്തുവന്നതായി റിപ്പോർട്ട്. സീസണിൽ 16 ഐ.പി.എൽ മത്സരങ്ങളാണ് ബാക്കിയുള്ളത്. സംഘർഷം ലഘൂകരിക്കാനായാൽ ഇന്ത്യയിൽതന്നെ ടൂർണമെന്‍റ് തുടരാനാകും ബി.സി.സി.ഐയുടെ പരിഗണന. എന്നാൽ ബി.സി.സി.ഐ സമീപിച്ചാൽ ശേഷിക്കുന്ന മത്സരങ്ങൾക്ക് ഇംഗ്ലണ്ട് വേദിയാകാൻ തയാറാണെന്ന് ഇ.സി.ബി ചീഫ് എക്സിക്യുട്ടീവ് റിച്ചാർഡ് ഗൗൾഡ് അറിയിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ഔട്ട്‍ലെറ്റ് മെയിൽ റിപ്പോർട്ട് ചെയ്തു.

സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ ക്രിക്കറ്റ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുകയാണെന്ന് വെള്ളിയാഴ്ച വൈകീട്ടാണ് ബി.സി.സി.ഐ അറിയിച്ചത്. സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് തീരുമാനം അറിയിച്ചത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷാഭീഷണിയുള്ള സാഹചര്യത്തിലാണ് മത്സരങ്ങള്‍ മാറ്റിവെക്കുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ടാം തവണയാണ് ടൂര്‍ണമെന്റിനിടെ മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നത്. 2021ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇടയ്ക്ക് നിര്‍ത്തിവെച്ചത്.

ധരംശാലയില്‍നടന്ന പഞ്ചാബ് കിങ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പൂർത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു. പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്നുള്ള സുരക്ഷാഭീക്ഷണിയെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയതും കളിക്കാരെയും കാണികളെയും സ്റ്റേഡിയത്തില്‍നിന്നു മാറ്റിയതും. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച നടന്ന ഐ.പി.എല്‍ ഗവേണിങ് ബോഡി യോഗത്തിനുശേഷമാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനമെടുത്തത്.

2021ല്‍ കോവിഡ് വ്യാപനത്തോടെ മേയ് നാലിന് നിര്‍ത്തിവെച്ച മത്സരങ്ങൾ സെപ്റ്റംബറില്‍ യു.എ.ഇയിലാണ് നടത്തിയത്. ഇത്തവണയും ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബറിലാക്കാനുള്ള സാധ്യതയും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിൽ ഇന്ത്യൻ സംഘം ഇംഗ്ലണ്ട് പര്യടനത്തിലാകും. ആഗസ്റ്റില്‍ ബംഗ്ലാദേശില്‍ പര്യടനമുണ്ട്. സെപ്റ്റംബറില്‍ ഏഷ്യാകപ്പ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ-പാക് സംഘര്‍ഷം നിലനിൽക്കെ ടൂർണമെന്‍റ് നടക്കാനുള്ള സാധ്യത വിരളമാണ്. ഈ അവസരത്തിൽ ഐ.പി.എൽ പൂർത്തിയാക്കാനാകും സാധ്യത.

Tags:    
News Summary - England open to hosting remainder of IPL 2025 after T20 league's one week suspension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.