ദേവ്ധർ ട്രോഫിയിലെ മിന്നും പ്രകടനം; ഡൽഹിക്കൊപ്പം ട്രയലിനിറങ്ങി രോഹൻ

ബംഗളൂരു: ദേവ്ധർ ട്രോഫിയിൽ ദക്ഷിണ മേഖല ബാറ്റിങ്ങിൽ കിടിലൻ പ്രകടനവുമായി നിറഞ്ഞുനിന്ന മലയാളി ഓപണർ രോഹൻ കുന്നുമ്മൽ ഐ.പി.എല്ലിലെ ഡൽഹി ക്യാപിറ്റൽസ് ടീമിനൊപ്പം ട്രയൽസിൽ. 62.20 ശരാശരിയിൽ രോഹൻ ദക്ഷിണ മേഖലക്കായി 311 റൺസ് കുറിച്ചിരുന്നു.

ടൂർണമെന്റിൽ റിയാൻ പരാഗ്, മായങ്ക് അഗർവാൾ എന്നിവർക്കു പിറകിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരമായി. 123.90 സ്ട്രൈക് റേറ്റും രോഹനെ വേറിട്ടുനിർത്തി. 136 സ്ട്രൈക് റേറ്റുമായി പരാഗ് മാത്രമായിരുന്നു മുന്നിൽ. ഫൈനലിൽ കിഴക്കൻ മേഖലക്കെതിരെ സെഞ്ച്വറി കുറിച്ച് വിജയത്തിൽ നിർണായക സാന്നിധ്യവുമായി. ഇതിനു പിന്നാലെയാണ് ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിലേക്ക് ക്ഷണമെത്തിയത്. ‘‘ഡൽഹി പരിശീലന ക്യാമ്പ് വളരെ മികച്ചതാണ്. സൗരവ് ഗാംഗുലിയുമായും പ്രവീൺ ആംറെയുമായും ആശയവിനിമയത്തിന് അവസരം കിട്ടി. നെറ്റ്സിൽ സാങ്കേതിക ഉപദേശങ്ങളുമായി അവർ സഹായമായി. എന്റെ കരിയറിൽ വരും നാളുകളിൽ ഇത് കാര്യമായ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു’’ -താരം പറഞ്ഞു.

‘‘സീസണിൽ മികച്ച തുടക്കമായിരുന്നു ഇത്. ടീമിന്റെ വിജയത്തിൽ കാര്യമായി സംഭാവനകളർപ്പിക്കാനായതിൽ സന്തോഷം. പ്രത്യേകിച്ച് ആറു കളികളിൽ എല്ലാം ജയിച്ച് ദക്ഷിണ മേഖല ടൂർണമെന്റ് ജേതാക്കളായപ്പോൾ. ഫൈനൽ വലിയ ഒരു മുഹൂർത്തമായിരുന്നു. ഒറ്റ കളിയിലല്ല, ഓരോ കളിയിലും അതേ ആവേശവും ഊർജവുമായി ബാറ്റു ചെയ്യണമെന്ന് വിശ്വസിക്കുന്നു’’ -താരം പ്രതികരിച്ചു.

രോഹൻ കഴിഞ്ഞ വർഷം ബംഗ്ലാദേശ് സന്ദർശിച്ച ഇന്ത്യ എ ടീമിലും അംഗമായിരുന്നു. കേരള ടീമിൽ വൈകി ക്ഷണം കിട്ടിയ താരമാണ് രോഹൻ. ദേശീയ അണ്ടർ 19 ടീമിൽ ബാറ്റുപിടിച്ച ശേഷമാണ് താരം സംസ്ഥാനത്തിനായി കളിച്ചുതുടങ്ങിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ് എന്നിവർ ഈ ഘട്ടത്തിൽ മികച്ച പ്രകടനവുമായി നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു. അരുൺ കാർത്തികും മിന്നും ഫോമിലായത് അവസരം വൈകിച്ചുവെന്ന് രോഹൻ പറയുന്നു. എന്നാൽ, അണ്ടർ 23 മത്സരങ്ങളിലെ പ്രകടന മികവ് അവസരം തുറന്നുവെന്ന് 25കാരൻ പറയുന്നു.

Tags:    
News Summary - Deodhar Trophy standout Rohan Kunnummal bags trial opportunity with Delhi Capitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.