ഓപ്പണിങ് വെടിക്കെട്ട്, സാംപയുടെ തകർപ്പൻ ബൗളിങ്; പാകിസ്താനെ 62 റൺസിന് തകർത്ത് ആസ്ട്രേലിയ

ബംഗളൂരു: ലോകകപ്പിൽ പാകിസ്താനെ 62 റൺസിന് തോൽപിച്ച് ആസ്ട്രേലിയ. ഓപ്പണർമാരുടെ സെഞ്ച്വറി കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഓസീസ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 367 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 45.3 ഓവറിൽ 305 റൺസിന് ഓൾ ഔട്ടായി.

ലോകകപ്പിൽ ആസ്ട്രേലിയയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. പാകിസ്താന്‍റെ രണ്ടാം തോൽവിയും. ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും നേടിയ സെഞ്ച്വറിയും സ്പിന്നർ ആദം സാംപയുടെ നാലു വിക്കറ്റ് പ്രകടനവുമാണ് ഓസീസ് വിജയത്തിൽ നിർണായകമായത്. മറുപടി ബാറ്റിങ്ങിൽ പാകിസ്താന് ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്ക് മുതലെടുക്കാനായില്ല. അബ്ദുല്ല ഷഫീഖ് 61 പന്തിൽ 64 റൺസും ഇമാമുൽ ഹഖ് 71 പന്തിൽ 70 റൺസും എടുത്താണ് പുറത്തായത്. ഇരുവരും ഒന്നാം വിക്കറ്റിൽ 21.1 ഓവറിൽ 134 റൺസെടുത്തു.

നായകൻ ബാബർ അസം (14 പന്തിൽ 18), മുഹമ്മദ് റിസ് വാൻ (40 പന്തിൽ 46), സൗദ് ഷക്കീൽ (31 പന്തിൽ 30), ഇഫ്തിഖാർ അഹ്മദ് (20 പന്തിൽ 26), മുഹമ്മദ് നവാസ് (16 പന്തിൽ 14), ഉമാസ മിർ (പൂജ്യം), ഹസൻ അലി (എട്ടു പന്തിൽ എട്ട്), ഷഹീൻ അഫ്രീദി (എട്ടു പന്തിൽ പത്ത്) എന്നിവരാണ് പുറത്തായ താരങ്ങൾ. റണ്ണൊന്നും എടുക്കാതെ ഹാരിസ് റൗഫ് പുറത്താകാതെ നിന്നു.

ഓസീസിനുവേണ്ടി ആദം സാംപ നാലു വിക്കറ്റ് വീഴ്ത്തി. മാർകസ് സ്റ്റോയിനിസ് രണ്ടും മിച്ചൽ സ്റ്റാർക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഓസീസിനായി വാർണറും മാർഷും ഒന്നാം വിക്കറ്റിൽ 33.5 ഓവറിൽ 259 റൺസാണ് അടിച്ചുകൂട്ടിയത്. മാർഷ് 108 പന്തിൽ 121 റൺസെടുത്തു. ഒമ്പത് സിക്സും 10 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഷഹീൻ അഫ്രീദിയുടെ പന്തിൽ ഉസാമക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. 124 പന്തിൽ 163 റൺസെടുത്താണ് വാർണർ പുറത്തായത്. ഒമ്പത് സിക്സും 14 ഫോറും നേടി. പിന്നീട് വന്നവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല.

ഒരുഘട്ടത്തിൽ 400 കടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മധ്യനിരയും വാലറ്റവും പാക് ബൗളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞു. ഷഹീൻ അഫ്രീദിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് കൂറ്റൻ സ്കോറിലേക്ക് കുതിച്ച ഓസീസിനെ പിടിച്ചുകെട്ടിയത്. ഗ്ലെൻ മാക്സ് വെൽ (പൂജ്യം), സ്റ്റീവ് സ്മിത്ത് (ഒമ്പത് പന്തിൽ ഏഴ്), മാർക്സ് സ്റ്റോയിനിസ് (24 പന്തിൽ 21), ജോഷ് ഇംഗ്ലിസ് (ഒമ്പത് പന്തിൽ 13), മാർനസ് ലബുഷെയ്ൻ (12 പന്തിൽ എട്ട്), മിച്ചൽ സ്റ്റാർക് (മൂന്നു പന്തിൽ രണ്ട്), ജോഷ് ഹേസൽവുഡ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആറു റൺസുമായി പാറ്റ് കമ്മിൻസും ഒരു റണ്ണുമായി ആദം സാംപയും പുറത്താകാതെ നിന്നു.

പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് മൂന്നു വിക്കറ്റും ഉസാമ മിർ ഒരു വിക്കറ്റും നേടി. ശ്രദ്ധയോടെ ബാറ്റിങ് തുടങ്ങി താളം കണ്ടെത്തിയ വാർണറും മാർഷും പിന്നീട് പാക് ബൗളർമാരെ ഗ്രൗണ്ടിന്‍റെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് കണ്ടത്. ടീം സ്കോർ 50ലെത്താൻ 50 പന്തുകൾ എടുത്തെങ്കിൽ, അടുത്ത 25 പന്തിൽ ടീം നൂറിലെത്തി. 176 പന്തിലാണ് ടീം 200 കടന്നത്. ഓസീസ് ഓപ്പണർമാർ മടങ്ങിയതോടെ മത്സരം പാക് ബൗളർമാർ വരുതിയിലാക്കി.

Tags:    
News Summary - Cricket World Cup 2023: Australia beat Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.