ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലെത്തും.
തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് 'യൂനിവേഴ്സ് ബോസ്' ഇക്കാര്യം ആരാധകരെ അറിയിച്ചത്. ടീമിനെ പിന്തുണക്കാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയിൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും ഗെയിൽ തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്.
ക്രിസ് ഗെയിലിന്റെ സന്ദർശനം കൊച്ചി ബ്ലൂ ടൈഗേഴ്സിനും കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. "ടീമിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥമായ പിന്തുണയും ആരാധകരുമായുള്ള ബന്ധവും ഒരു ആഗോള സ്പോർട്സ് ബ്രാൻഡ് വളർത്തിയെടുക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തിന് കരുത്തേകും. കെ.സി.എൽ മൂന്നാം സീസൺ അവിസ്മരണീയമാക്കാൻ എല്ലാ ആരാധകരുടെയും പിന്തുണ വേണം" - സുഭാഷ് മാനുവൽ കൂട്ടിച്ചേർത്തു.
ക്രിസ് ഗെയിലിന്റെ സാന്നിധ്യം കേരള ക്രിക്കറ്റ് ലീഗിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കും. ഒപ്പം ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെ നേരിൽ കാണാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ മലയാളി ആരാധകർക്ക് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.