ലാഹോർ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ബുധനാഴ്ച ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഗ്രൂപ് ബിയിൽ അഫ്ഗാനിസ്താനെയും ഇംഗ്ലണ്ടിനെയും വലിയ മാർജിനിൽ തോൽപിച്ച് ഒന്നാംസ്ഥാനക്കാരായാണ് പ്രോട്ടീസ് കടന്നത്. ആസ്ട്രേലിയക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ന്യൂസിലൻഡാവട്ടെ ഗ്രൂപ് എയിൽ പാകിസ്താനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയപ്പോൾ ഇന്ത്യയോട് തോറ്റ് രണ്ടാംസ്ഥാനക്കാരായി സെമിയിൽ പ്രവേശിച്ചു. ദക്ഷിണാഫ്രിക്ക 1998ലും കിവികൾ 2000ത്തിലും ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയവരാണ്.
കിരീട ദാരിദ്ര്യത്തിന് അറുതിയിടാൻ ഫൈനൽ തേടി ഇറങ്ങുകയാണ് ഇരു ടീമും. ഇന്ത്യക്കെതിരെ കഴിഞ്ഞ ദിവസം ജയിക്കാമായിരുന്ന കളി കൈവിട്ടിരുന്നു ന്യൂസിലൻഡ്. 250 റൺസെന്ന താരതമ്യേന ചെറിയ ലക്ഷ്യം നേടാനാവാതെ 205ൽ ബാറ്റ് വെച്ച് കീഴടങ്ങി. പേസർ മാറ്റ് ഹെൻട്രിയുടെ അഞ്ച് വിക്കറ്റ് പ്രകടനവും കെയ്ൻ വില്യംസണിന്റെ ബാറ്റിങ്ങും മാത്രമായിരുന്നു ആശ്വാസം. ഇംഗ്ലണ്ടിനെ 179 റൺസിൽ പുറത്താക്കി ഏഴ് വിക്കറ്റ് ജയം നേടിയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാനാവുന്നതാണ് പ്രോട്ടീസിന്റെ പ്രതീക്ഷ.
ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻട്രി, ടോം ലാതം, ഡാരിൽ മിച്ചൽ, വിൽ ഒറൂർക്ക്, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, നതാൻ സ്മിത്ത്, കെയ്ൻ വില്യംസൺ, വിൽ യങ്, ജേക്കബ് ഡഫി.
ദക്ഷിണാഫ്രിക്ക: ടെംബ ബവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, മാർകോ ജാൻസെൻ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ലുങ്കി എൻഗിഡി, കാഗിസോ റബാഡ, റയാൻ റിക്കിൾട്ടൺ, തബ്രൈസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, റാസി വാൻ ഡെർ ഡസെൻ, കോർബിൻ ബോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.