ദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ പാകിസ്താന് ഏഴു വിക്കറ്റ് നഷ്ടം. നിലവിൽ 44 ഓവറിൽ 206 റൺസെടുത്തിട്ടുണ്ട്. സൗദ് ഷക്കീൽ അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. 76 പന്തിൽ അഞ്ചു ഫോറടക്കം 62 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച ഷക്കീൽ, അക്സർ പട്ടേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നായകൻ മുഹമ്മദ് റിസ്‌വാൻ 77 പന്തിൽ 46 റൺസെടുത്ത് അക്സർ പട്ടേലിന്‍റെ പന്തിൽ ബൗൾഡായി.
ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടീം സ്കോർ 150 കടന്നതിനു പിന്നാലെയാണ് ഇരുവരും പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ ത്വയ്യബ് താഹിറും വേഗം മടങ്ങി. ആറു പന്തിൽ നാല് റൺസെടുത്ത താരം രവീന്ദ്ര ജദേജയുടെ പന്തിൽ ക്ലീൻ ബൗൾഡ്. ഓപ്പണർമാരായ ഇമാമുൽ ഹഖ് (26 പന്തിൽ 10), ബാബർ അസം (26 പന്തിൽ 23), സൽമാൻ ആഗ (24 പന്തിൽ 19), ഷഹീൻ ഷാ അഫ്രീദി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
നേരത്തെ, ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ബൗളിങ് ഓപ്പൺ ചെയ്ത വെറ്ററൻ താരം മുഹമ്മദ് ഷമി ആദ്യ ഓവറിൽ അഞ്ച് വൈഡുകളാണ് എറിഞ്ഞത്. ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ഇന്നിങ്സിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വൈഡുകൾ എറിയുന്ന രണ്ടാമത്തെ താരമായി ഇതോടെ ഷമി. 2004ൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറിൽ ഏഴു വൈഡുകൾ എറിഞ്ഞ സിംബാബ്‌വെ താരം ടിനാഷെ പന്യാംഗാരയാണ് ഒന്നാമത്. അഞ്ച് വൈഡുകൾ എറിഞ്ഞെങ്കിലും ആ ഓവറിൽ ആറു റൺസ് മാത്രമാണ് ഷമി വഴങ്ങിയത്.
ഓപ്പണർമാരായ ഉമാമുൽ ഹഖും ബാബറും ശ്രദ്ധയോടെ ബാറ്റുവീശി ക്രീസിൽ നിലയുറപ്പിക്കുമെന്ന് തോന്നിപ്പിക്കുന്നതിനിടെയാണ് പാണ്ഡ്യ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകുന്നത്. പാണ്ഡ്യ എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ പന്ത് ബാബർ ബൗണ്ടറി കടത്തി. രണ്ടാം പന്തിലാണ് വിക്കറ്റ്. ഒരു ഗുഡ് ലെങ്ത് ബാളിൽ കവർ ഡ്രൈവ് ഷോട്ടിന് ശ്രമിച്ച ബാബറിന്‍റെ ബാറ്റിന്‍റെ ഔട്ട്സൈഡ് എഡ്ജിൽ തട്ടി പന്ത് നേരെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലേക്ക്.
പിന്നാലെ അക്സർ പട്ടേലിന്‍റെ മികച്ചൊരു ത്രോയിൽ റണ്ണൗട്ടായി ഉമാമുൽ ഹഖും മടങ്ങി. പിന്നാലെയാണ് മുഹമ്മദ് റിസ്‌വാനും ഷക്കീലും ക്രീസിൽ ഒന്നിച്ചത്. ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും വലിയ ഷോട്ടുകൾക്കൊന്നും മുതിർന്നില്ല. 25.3 ഓവറിലാണ് ടീം സ്കോർ നൂറിലെത്തിയത്. ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ 150 കടന്നു. ഷക്കീലാണ് പുറത്താക്കി ഇത്തവണയും പാണ്ഡ്യയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.