ഇഷാൻ കിഷനും ശ്രേയസ് അയ്യരും ബി.സി.സി.ഐ വാർഷിക കരാറിൽ നിന്ന് പുറത്ത്; ജയ്സ്വാളിന് ബി ഗ്രേഡിൽ കന്നി കരാർ

ന്യൂഡൽഹി: ബി.സി.സി.ഐയുടെ പുതുക്കിയ വാർഷിക കരാറിൽ നിന്ന് ഇഷാൻ കിഷനും ശ്രേയസ് അയ്യരും പുറത്തായി. ദേശീയ ടീമിൽ കളിക്കാത്ത താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്ന നിർദേശം ലംഘിച്ചതാണ് താരങ്ങൾക്ക് വിനയായതെന്നാണ് റിപ്പോർട്ട്.

വ്യക്തമായ കാരണങ്ങളില്ലാതെ വിട്ടു നിൽക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി റിപ്പോർട്ട് നൽകിയതോടെ കടുത്ത വിമർശമാണ് താരങ്ങൾ നേരിട്ടിരുന്നത്. ഒടുവിൽ ശ്രേയസ് അയ്യർ രഞ്ജിയിൽ മുംബൈ ടീമിനൊപ്പവും ഡി.വൈ പാട്ടീൽ ട്വന്റി 20 കപ്പിൽ ഇന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടി ഇഷാനും കളത്തിലിറങ്ങിയെങ്കിലും കരാറിൽ പുറത്താവുകയായിരുന്നു. 

അതേ സമയം പുതുക്കിയ കരാറിൽ പുതുമുഖങ്ങളേറെയുണ്ട്. ടെസ്റ്റിൽ തകർപ്പൻ ഫോമിലുള്ള ഇന്ത്യയുടെ യുവ ഓപണർ യശസ്വി ജയ്സ്വാൾ തന്റെ കന്നി കരാർ തന്നെ ബി ഗ്രേഡിൽ ഉറപ്പിക്കാൻ കഴിഞ്ഞു. റിങ്കു സിങ്ങും തിലക് വർമയും സി ഗ്രേഡ് കരാറിൽ ഉൾപ്പെട്ടു.

രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നിവരാണ് എലൈറ്റ് ക്ലാസായ എ പ്ലസ് കരാറിലുള്ളത്. ആർ. അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ എന്നിവരുൾപ്പെടെ ആറ് ക്രിക്കറ്റ് താരങ്ങൾ എ വിഭാഗത്തിലുള്ളത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഋഷഭ് പന്തിന് ബി ഗ്രേഡ് നൽകി. മലയാളി താരം സഞ്ജു സാംസണെ സി ഗ്രേഡിൽ നിലനിർത്തി. മാച്ച് ഫീസിന് പുറമെയാണ് താരങ്ങളുടെ വാർഷിക കാരാർ തുക നൽകുക.  

വാർഷിക കരാറിലുള്ള താരങ്ങൾ

  • ഗ്രേഡ് എ പ്ലസ്: രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ. (7 കോടി)
  • ഗ്രേഡ് എ : ആർ അശ്വിൻ, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ. (5 കോടി)
  • ഗ്രേഡ് ബി: സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്‌സ്വാൾ. ( 3 കോടി)
  • ഗ്രേഡ് സി: സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, ശാർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, രജത് പട്ടീദാർ. (ഒരു കോടി)

Tags:    
News Summary - BCCI terminates Ishan Kishan, Shreyas Iyer’s central contracts with immediate effect; Rinku Singh, Tilak Varma included

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.