സെഞ്ച്വറി നേടിയ ജോ റൂട്ട് കാണികളെ അഭിവാദ്യം ചെയ്യുന്നു
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 384ന് പുറത്ത്. സെഞ്ച്വറി നേടിയ ജോറൂട്ടാണ് (160) സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചതിൽ നിർണായക പ്രകടനം പുറത്തെടുത്തത്. ഹാരി ബ്രൂക്ക് (84) അർധ സെഞ്ച്വറി നേടി. ആസ്ട്രേലിയക്കായി മൈക്കൽ നെസർ നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ രണ്ടാം ദിനം വെളിച്ചക്കുറവുമൂലം നേരത്തേ കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിലാണ് ആതിഥേയർ.
മൂന്നിന് 213 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഡ്രിങ്ക്സ് ബ്രേക്കിനു മുമ്പ് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. ഹാരി ബ്രൂക്ക് 84 റൺസ് നേടി പുറത്തായപ്പോൾ, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (0) വീണ്ടും നിരാശപ്പെടുത്തി. ഇതിനിടെ റൂട്ട് തന്‍റെ ടെസ്റ്റ് കരിയറിലെ 41-ാം സെഞ്ച്വറി സ്വന്തമാക്കി. സെഞ്ച്വറികളുടെ എണ്ണത്തിൽ ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്താൻ റൂട്ടിനായി. പ്രോട്ടീസിന്‍റെ ജാക്ക് കലിസ് (45), ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ (51) എന്നിവർ മാത്രമാണ് ഇക്കാര്യത്തിൽ റൂട്ടിന് മുന്നിലുള്ളത്.
ടെസ്റ്റിലെ റൺവേട്ടക്കാരിൽ സച്ചിന് പിന്നിൽ രണ്ടാമതാണ് റൂട്ടിപ്പോൾ. 297 ഇന്നിങ്സിൽ 13921 റൺസാണ് ഇംഗ്ലിഷ് താരത്തിന്‍റെ സമ്പാദ്യം. സച്ചിനാകട്ടെ 329 ഇന്നിങ്സിൽ 15921 റൺസാണ് നേടിയിട്ടുള്ളത്. കേവലം 2000 രൺസിന്‍റെ മാത്രം വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. മത്സരത്തിൽ 242 പന്തുകൾ നേരിട്ട റൂട്ട്, 15 ഫോറുകളുടെ അകമ്പടിയോടെ 160 റൺസ് നേടിയാണ് പുറത്തായത്. ജേമി സ്മിത്ത് (46), വിൽ ജാക്സ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബ്രൈഡൻ കാഴ്സ് (1), മാത്യു പോട്ട്സ് (1*), ജോഷ് ടങ് (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ജേക്ക് വെതർലാൻഡ് (21), മാർനസ് ലബൂഷെയ്ൻ (48) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഇരുവരെയും സ്റ്റോക്സാണ് പുറത്താക്കിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ട്രാവിസ് ഹെഡിനൊപ്പം (91*) മൈക്കൽ നെസറാണ് (1*) ക്രീസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.