സൂപ്പർ ആവേശം! സൂപ്പർ ഓവറിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് ഫൈനലിൽ

ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിൽ ഇന്ത്യ എയെ വീഴ്ത്തി ബംഗ്ലാദേശ് എ ഫൈനലിൽ. ആവേശം സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് ബംഗ്ലാദേശിന്‍റെ ത്രില്ലർ ജയം.

നിശ്ചിത ഓവറുകളിൽ ഇരു ടീമുകളുടെയും സ്കോർ സമനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയും 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. സൂപ്പർ ഓവറിൽ ജിതേഷ് ശർമയും രമൺദീപ് സിങ്ങുമാണ് ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയത്. സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ ജിതേഷ് ശർമ ക്ലീൻ ബൗൾഡ്. തൊട്ടടുത്ത പന്തിൽ അശുതോഷ് ശർമയും പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു. സ്കോർ ബോർഡിൽ പൂജ്യം.

റിപ്പൺ മൊണ്ടാലാണ് രണ്ടു വിക്കറ്റും നേടിയത്. ബംഗ്ലാദേശിന് ജയിക്കാൻ ഒരു റണ്ണ്. മറുപടി ബാറ്റിങ്ങിൽ സുയാഷ് ശർമ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ യാസിൽ അലി പുറത്ത്. തൊട്ടടുത്ത പന്ത് വൈഡ് എറിഞ്ഞതോടെ ബംഗ്ലാദേശ് ഫൈനലിൽ. പാകിസ്താൻ എ - ശ്രീലങ്ക എ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ബംഗ്ലാദേശിന്‍റെ എതിരാളികൾ.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. ഹബീബുര്‍ റഹ്‌മാനും ജിഷാന്‍ ആലമും തകര്‍ത്തടിച്ചതോടെ ടീം നാലോവറില്‍ 43 റണ്‍സിലെത്തി. ആലമിനെ മടക്കി (14 പന്തിൽ 26 റൺസ്) ഗുർജപ്നീത് സിങ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. സവാദ് അബ്രാർ (19 പന്തിൽ 13), നായകൻ അഖ്ബർ അലി (10 പന്തിൽ ഒമ്പത്), അബു ഹൈദർ (പൂജ്യം) എന്നിവരെല്ലാം മടങ്ങിയെങ്കിലും ഒരറ്റത്ത് അർധ സെഞ്ച്വറി നേടി ഹബീബുർ നിലയുറപ്പിച്ചു. ഒടുവിൽ ഗുർജപ്നീത് വീണ്ടും ഇന്ത്യയുടെ രക്ഷക്കെത്തി. ഹബീബുറിനെ ദുബെയുടെ കൈകളിലെത്തിച്ചു.

18 ഓവര്‍ അവസാനിക്കുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ അവസാന രണ്ടോവറുകളില്‍ എസ്.എം. മെഹറോബും യാസിര്‍ അലിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ബംഗ്ലാദേശിനെ 194ൽ എത്തിച്ചത്. നമന്‍ ധിര്‍ എറിഞ്ഞ 19ാം ഓവറില്‍ മെഹറോബ് 28 റണ്‍സ് അടിച്ചെടുത്തു. നാല് സിക്‌സറുകളും ഒരു ഫോറും നേടി. 20-ാം ഓവറില്‍ യാസിര്‍ അലി 22 റണ്‍സും നേടി.

ഇന്ത്യക്ക് കൗമാരതാരം വൈഭവ് സൂര്യവംശി വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ 19 റൺസ് അടിച്ചെടുത്തു. രണ്ടാം ഓവറിലും ബംഗ്ലാദേശ് വൈഭവിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ടീം സ്കോർ 33 റൺസിലെത്തി. പ്രിയാൻഷ് ആര്യയും സ്കോർ കണ്ടെത്തിയതോടെ ഇന്ത്യ മൂന്നോവറിൽ 49 റൺസിലെത്തി. എന്നാൽ നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. നമൻ ധിർ 12 പന്തിൽ ഏഴു റൺസെടുത്ത് മടങ്ങി. ജിതേഷ് ശർമ (23 പന്തിൽ 33), രമൺദീപ് സിങ് (11 പന്തിൽ 17), അഷുതോഷ് ശർമ (ആറു പന്തിൽ 13) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

അവസാന രണ്ടോവറുകളിൽ 21 റൺസാണ് ഇന്ത്യക്കു ജയിക്കാൻ വേണ്ടിയിരുന്നത്. 19ാം ഓവറിൽ അഞ്ചു റൺസ് മാത്രമാണ് നേടാനായത്. 20ാം ഓവറിൽ ഒരു സിക്സും ഫോറും ബൗണ്ടറി കടത്തിയ അശുതോഷ് ശർമ ഇന്ത്യക്കു പ്രതീക്ഷ നൽകി. എന്നാൽ റാക്കിബുൽ ഹസന്റെ അഞ്ചാം പന്തിൽ അശുതോഷ് പുറത്തായി. ഇതോടെ അവസാന പന്തിൽ ഇന്ത്യക്കു ജയിക്കാൻ വേണ്ടത് നാലു റൺസ്. ഹർഷ് ദുബെ നേരിട്ട അവസാന പന്തിൽ മൂന്ന് റൺസ് ഓടിയെടുത്തതോടെ  മത്സരം സമനിലയിലായി. പിന്നാലെ സൂപ്പർ ഓവറിലേക്ക്. 

Tags:    
News Summary - Asia Cup Rising Stars 2025: Bangladesh A beat India A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.