ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇതിഹാസ ഓൾറൗണ്ടർ വിരമിച്ചിരുന്നു. താരത്തിന് ആശംസകൾ അറിയിച്ച് ഒരുപാട് പേരെത്തെയിരുന്നു. ഇന്ത്യൻ ടീമിലെ ഓൾറൗണ്ടറായ തമിഴ്നാട് ക്രിക്കറ്റ് താരം വാഷിങ്ടൺ സുന്ദറും അശ്വിന് ആശംസകളുമായെത്തിയിരുന്നു. ഇതിന് വളരെ രസകരമായ മറുപടിയാണ് അശ്വിൻ നൽകിയത്. അശ്വിന്‍റെ പിൻഗാമിയായ താരമായാണ് വാഷിങ്ടൺ സുന്ദറിനെ ആളുകൾ വാഴ്ത്തുന്നത്.
വിജയ് നായകനായെത്തിയ വെങ്കട്ട് പ്രഭു ചിത്രം ദി ഗോട്ടിലെ ഡയലോഗ് ഉപയോഗിച്ചാണ് അശ്വിൻ വാഷിക്ക് മറുപടി കൊടുത്തത്. ഗോട്ടിന്‍റെ അവസാനം വിജയ്ടെ കഥാപാത്രം അതിഥി വേഷത്തിലെത്തുന്ന ശിവകാർത്തികയേന്‍റെ കഥാപാത്രത്തിന് തോക്ക് കൈമാറികൊണ്ട് 'തുപ്പാക്കി പുടിങ്ക' എന്ന് പറയുന്നുണ്ട്. സിനിമാ ജീവിതത്തിന് വിരാമമിടുന്ന വിജയ് ഭാവി ശിവകാർത്തികേയന് നൽകുന്നതായിട്ടാണ് ഇതിൽ സൂചിപ്പിക്കുന്നത്. അത്തരത്തിൽ ഇന്ത്യൻ ടീമിൽ താൻ ഒഴിച്ചിട്ട സ്ഥാനം അശ്വിൻ വാഷിങ്ൺ സുന്ദറിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയാണ്.
അശ്വിനെ പ്രകീർത്തിച്ച് വാഷിങ്ടൺ സുന്ദർ എക്സിൽ പോസ്റ്റ് ഇട്ടിരുന്നു. ഒരും ടീം മേറ്റിനപ്പുറം അശ്വിനൊരു പ്രചോദനമാണെന്നും ചെപ്പോക്കിന്‍റെ ഒരു മൂലയിൽ നിന്നും അദ്ദേഹത്തെ കണ്ട് വളർന്നതിൽ നിന്നും ഒരുമിച്ച് കളിക്കാൻ സാധിച്ചതിൽ ഒരുപാട് അഭിമാനിക്കുന്നു എന്ന് സുന്ദർ പറയുന്നു. ഇനി മുന്നിലുള്ള എല്ലാ കാര്യത്തിനും ആശംസകൾ നൽകുന്നെന്നും അദ്ദേഹം കുറിച്ചു. മറപടിയായി 'തുപ്പാക്കി പുടിങ്കടാ വാഷി!! ഒരുമിച്ച് കൂടിയപ്പോൾ നീ സംസാരിച്ച ആ രണ്ട് മിനിറ്റുകളായിരുന്നു ഏറ്റവും മികച്ചത്,' എന്നായിരുന്നു അശ്വിൻ കുറിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു അശ്വിൻ. ബാറ്റ് കൊണ്ടും ബോള് കൊണ്ടും ഇന്ത്യയെ ഒരുപാട് മത്സങ്ങളിൽ വിജയിപ്പിക്കാൻ ഈ ഇതിഹാസത്തിന് സാധിച്ചിട്ടുണ്ട്. ബാറ്റർമാർ വാഴുന്ന ക്രിക്കറ്റ് ലോകത്ത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ബൗളിങ് സൂപ്പർതാരമായി മാറുവാൻ അശ്വിന് സാധിച്ചു. മൂന്ന് ഫോർമാറ്റിൽ നിന്നും അപ്രതീക്ഷമായി വിരമിച്ച താരം ഐ.പി.എല്ലിൽ സി.എസ്കെക്ക് വേണ്ടി കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.