അജിത് അഗാർക്കർ പടിയിറങ്ങുന്നു! ചീഫ് സെലക്ടർ മാറ്റത്തിൽ ബി.സി.സി.ഐ മൗനത്തിൽ; പകരമെത്താൻ ഈ ഇന്ത്യൻ താരങ്ങൾ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് മുൻ താരം അജിത് അഗാർക്കർ പടിയിറങ്ങുന്നു. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് കരാർ നീട്ടേണ്ടതില്ലെന്ന തീരുമാനത്തിൽ അഗാർക്കർ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച നടക്കുന്ന ബി.സി.സി.ഐ വാർഷിക ജനറൽ ബോഡി യോഗത്തിൽ (എ.ജി.എം) ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
രോഹിത് ശർമയുടെ ഏകദിന ഭാവി സംബന്ധിച്ച വിഷയത്തിലാണ് സെലക്ഷൻ കമ്മിറ്റിയും ബി.സി.സി.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. 2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലെന്നും ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ഏകദിനം താരത്തിന്റെ അവസാന മത്സരമായിരിക്കുമെന്നും സെലക്ടർമാരിൽ ഒരാൾ രോഹിത്തിനെ അറിയിച്ചിരുന്നു. എന്നാൽ അവസാന ഏകദിനത്തിൽ 138 റൺസ് നേടി രോഹിത് തന്റെ മികവ് തെളിയിച്ചു. ഇതിനുപിന്നാലെ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ പരസ്യമായി തള്ളി ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ രംഗത്തെത്തി. മികച്ച ഫോമിൽ കളിക്കുന്ന രോഹിത് ടീമിന്റെ പ്ലാനുകളിൽ ഉള്ളിടത്തോളം കാലം തുടരുമെന്ന് സെക്രട്ടറി വ്യക്തമാക്കിയതോടെയാണ് അഗാർക്കർ കടുത്ത അതൃപ്തിയിലായത്.
ഈ മാസം മുംബൈയിൽ നടന്ന അവലോകന യോഗത്തിൽനിന്ന് അഗാർക്കർ വിട്ടുനിന്നത് പടിയിറക്കത്തിന്റെ ആദ്യ സൂചനയായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് വിട്ടുനിൽക്കുന്നതെന്നായിരുന്നു അന്ന് ബി.സി.സി.ഐ നൽകിയ വിശദീകരണം. കഴിഞ്ഞ ബുധനാഴ്ച നടന്ന സെലക്ഷൻ കമ്മിറ്റി യോഗം അഗാർക്കറുടെ അവസാനത്തേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വെസ്റ്റിൻഡീസിനെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ടീമിനെയും ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെയും ഈ യോഗത്തിലാണ് തെരഞ്ഞെടുത്തത്.
പുതിയ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് മുൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ, മുൻ സ്പിന്നർ പ്രഗ്യാൻ ഓജ എന്നിവർക്കാണ് നിലവിൽ മുൻതൂക്കമുള്ളത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്മണിന്റെ പേര് ബി.സി.സി.ഐ ഐകകണ്‌ഠ്യേന പരിഗണിച്ചിരുന്നെങ്കിലും, നിരന്തരമുള്ള യാത്രകൾ ബുദ്ധിമുട്ടായതിനാൽ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ല. മുൻ പേസർ സഹീർ ഖാന്റെ പേരും അപ്രതീക്ഷിതമായി കടന്നുവരാൻ സാധ്യതയുണ്ട്. പുതിയ ചീഫ് സെലക്ടറെ കണ്ടെത്താൻ സമയമെടുക്കുകയാണെങ്കിൽ ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാൻ പ്രഗ്യാൻ ഓജയ്ക്ക് താൽക്കാലിക ചുമതല നൽകിയേക്കും.
2011-12 കാലഘട്ടത്തിൽ എം.എസ് ധോണിയെ മാറ്റി വിരാട് കോലിയെ ക്യാപ്റ്റനാക്കാനുള്ള അന്നത്തെ ചീഫ് സെലക്ടർ മൊഹീന്ദർ അമർനാഥിന്റെ തീരുമാനത്തെ ബി.സി.സി.ഐ പ്രസിഡന്റ് എൻ. ശ്രീനിവാസൻ വീറ്റോ പവർ ഉപയോഗിച്ച് തടഞ്ഞ സംഭവത്തിന് സമാനമാണ് ഇപ്പോഴത്തെ അഗാർക്കർ എപ്പിസോഡും.
2023 ജൂലൈയിലാണ് അഗാർക്കർ സെലക്ഷൻ കമ്മിറ്റി തലവനായി ചുമതലയേറ്റത്. ഈ കാലയളവിൽ ഇന്ത്യ രണ്ട് ടി20 ലോകകപ്പുകളും (2024, 2026), ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയും, ഏഷ്യാ കപ്പും സ്വന്തമാക്കിയിരുന്നു. ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനാക്കാനുള്ള നിർണായക നീക്കം നടത്തിയതും അഗാർക്കറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.